കല്‍പ്പറ്റ: കേരളത്തെ നടുക്കിയ പുത്തുമല ദുരന്തത്തില്‍  മനുഷ്യര്‍ക്കൊപ്പം മണ്ണിനടിയില്‍ കുടുങ്ങിയത് അമ്പതോളം വാഹനങ്ങള്‍. കാറും ഓട്ടോറിക്ഷയും ബൈക്കുകളുമാണ് മൃതദേഹത്തിനായി തെരച്ചില്‍ നടത്തുന്നവര്‍ കണ്ടെടുത്തത്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ഇവിടെയുള്ള വീടുകളിലെത്തി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുറെയധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നെങ്കിലും ആരും തങ്ങളുടെ വാഹനം മാറ്റിയിട്ടിരുന്നില്ല.

ഇത്രയധികം വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെടാന്‍ ഇതാണ് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. പാടെ തകര്‍ന്ന വാഹനങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അവയിലെങ്ങാനും ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്നതും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ പുത്തുമല, മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്കുളള വൈദ്യൂതി ബന്ധം വ്യാഴാഴ്ച വൈകുന്നേരത്തോടെ പുന:സ്ഥാപിക്കും. ദുരന്തമുണ്ടായ ദിവസം മുതല്‍ ഇതുവരെയായിട്ടും മേഖലയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിരുന്നില്ല.

മണ്ണിടിഞ്ഞും മരം വീണും ആറ് കിലോമീറ്ററിലധികം ദൂരത്തില്‍ വൈദ്യൂതി തൂണുകളും ലൈനുകളും തകര്‍ന്നിരുന്നു. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുളള വലിയ ഇരുമ്പ് തൂണുകള്‍ കെ.എസ്.ഇ.ബി ഇന്നലെയോടെ ഇവിടെ എത്തിച്ചു. നൂറോളം ജീവനക്കാരാണ് വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുളള പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.