ഇടുക്കി: ലോക്കാട് ഗ്യാപ്പ് റോഡില്‍ അപകട സൂചന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് ഉദ്യോ​ഗസ്ഥർ റിപ്പോര്‍ട്ട് നല്‍കി. കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഗ്യാപ്പ് റോഡില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധി ആരോപണങ്ങള്‍ക്ക് കാരണമായിരുന്നു. അശാസ്ത്രീയമായ പാറപൊട്ടിക്കല്‍ മൂലം സമീപത്തെ ഏക്കർ കണക്കിന് കൃഷിയിടങ്ങള്‍ നശിക്കുകയും ഒരാളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 

പതിനെട്ട് മാസത്തിനുള്ളില്‍ റോഡിന്റെ പണികള്‍ തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും ഗ്യാപ്പ് റോഡില്‍ അശാ‌സ്ത്രീയമായ നിര്‍മ്മാണം ഇതിന് തിരിച്ചടിയായി. ഒരുവര്‍ഷത്തിനിടെ അഞ്ചോളം പ്രാവശ്യമാണ് ഗ്യാപ്പ് റോഡില്‍ മാത്രം പാറകള്‍ അടര്‍ന്നുവീണത്. റോഡില്‍ നിന്നും 250 ഓളം ഉയരമുള്ള കൂറ്റന്‍പാറകള്‍ അടര്‍ന്നുവീണത് അശാസ്ത്രീയമായി പാറകള്‍ പൊട്ടിച്ചത് മൂലമാണെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി.

സമാനമായ റിപ്പോര്‍ട്ടാണ് മുന്‍ സബ് കളക്ടര്‍ രേണുരാജും നല്‍കിയത്. സംഭവത്തില്‍ പ്രദേശവാസികളും പഞ്ചായത്ത് പ്രതിനിധികളും സമരങ്ങളുമായി രംഗത്തെത്തി. ഇതോടെയാണ് ദേശീയപാത അധികൃതര്‍ അപകട സൂചന സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റോഡ് സഞ്ചാര യോഗ്യമായാലും ഒന്നിനുമുകളില്‍ ഒന്നായുള്ള പാളികള്‍ അടര്‍ന്നുവീഴാനുള്ള സാഹചര്യമുണ്ട്. ഇത്തരം സാഹചര്യം മറികടക്കാന്‍ ദുരന്തനിവാരണ അതോരിറ്റിയുമായി ചേര്‍ന്ന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് ദേശീയപാത അധികൃതര്‍ പദ്ധതി തയ്യറാക്കിയിരിക്കുന്നത്. 

റോഡിന്റെ പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പദ്ധതിയും യാഥാര്‍ത്യമാക്കും. അപകട മേഖലയില്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് ലൈറ്റുകളും സൈറനും സ്ഥാപിക്കും. എന്തെങ്കിലും അപകടം സംഭവിക്കാന്‍ ഇടയുണ്ടെങ്കില്‍ സൈറന്‍ മുഴങ്ങുകയും ലൈറ്റുകള്‍ മിന്നിതിളങ്ങുകയും ചെയ്യും. ഇത് അപകടത്തിന്റെ തോത് കുറയ്ക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പദ്ധതിയുടെ ഭാഗമായി അടുത്ത ദിവസം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഗ്യാപ്പ് റോഡ് സന്ദര്‍ശിക്കും. നിലവിലെ സാഹചര്യം പഠിച്ചശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.