Asianet News MalayalamAsianet News Malayalam

ചോരമണം മാറാതെ കാക്കാഴം, ഇന്ന് മാത്രം പൊലിഞ്ഞത് അഞ്ച് ജീവനുകൾ

ചോരമണം മാറാതെ കാക്കാഴം റെയിൽവെ മേൽപ്പാലം. ഒരു അപകടമെങ്കിലും ഇവിടെ സംഭവിക്കാത്ത ദിവസങ്ങളില്ല. മേൽപ്പാലത്തിലെ കുഴികൾ തന്നെയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്

Accidents continue in ambalapuzha Kakazham flyover five people died today
Author
First Published Jan 23, 2023, 5:50 PM IST

അമ്പലപ്പുഴ: ചോരമണം മാറാതെ കാക്കാഴം റെയിൽവെ മേൽപ്പാലം. ഒരു അപകടമെങ്കിലും ഇവിടെ സംഭവിക്കാത്ത ദിവസങ്ങളില്ല. മേൽപ്പാലത്തിലെ കുഴികൾ തന്നെയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. എത്ര അറ്റകുറ്റപ്പണി നടത്തിയാലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും വലുതാകുന്ന കുഴികൾ നിരവധി ജീവനുകൾ ബലി കഴിക്കുന്നു.

750 മീറ്ററോളം നീളമുള്ള മേൽപ്പാലത്തിൽ പലയിടങ്ങളിലായി അപകടങ്ങൾ ഉണ്ടാക്കുന്ന വലിയ കുഴികളാണുള്ളത്. ഇരുചക്ര വാഹനക്കാരാണ് ഈ കുഴികളിൽ വലയുന്നത്. പല ദിവസങ്ങളിലും രാത്രി കാലങ്ങളിൽ ഇവിടുത്തെ വഴി വിളക്കുകളും തെളിയാറില്ല. കഴിഞ്ഞ അപകട ദിവസവും മേൽപ്പാലത്തിലെ 60 ഓളം വഴി വിളക്കുകൾ കണ്ണടച്ചിരുന്നു. ചോര ചിന്തുന്ന അപകടങ്ങൾ പതിവായപ്പോൾ ഉറക്കമില്ലാത്ത പ്രദേശമായി കാക്കാഴം ഗ്രാമം മാറി.

ഇന്ന് പുലർച്ചെ ഒരു മണിക്കു ശേഷം വലിയ ശബ്ദത്തോടെ കാറും ലോറിയും കൂട്ടിയിടിച്ചതാണ്  ഏറ്റവും ഒടുവിലത്തേത്. തൊട്ടടുത്ത കായിപ്പള്ളി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിലുണ്ടായിരുന്നവരും സമീപവാസികളുമാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. നാട്ടുകാരാണ് അപകട വിവരം തകഴി ഫയർഫോഴ്സിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലുമറിയിച്ചത്. 

Read more: അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 മരണം; മരിച്ചത് തിരുവനന്തപുരം, കൊല്ലം സ്വദേശികൾ

അപകടസ്ഥലത്തു വെച്ചു തന്നെ നാലു പേരുടെ ജീവൻ നഷ്ടമായി. തിരുവനന്തപുരം കൊല്ലം സ്വദേശികളാണ് മരിച്ചത്.തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ അമലിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് സിടി സ്കാൻ പരിശോധനക്കു ശേഷം അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴാണ് മരിച്ചത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയ ആംബുലൻസിൽ മൂന്ന് മൃതദേഹങ്ങൾ കയറ്റി വിട്ടു.

പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നെത്തിയ ആംബുലൻസുകളിലാണ് മറ്റ് രണ്ട് പേരെ എത്തിച്ചത്. ഫയർഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് മുന്നിലിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതവും തടസ്സപ്പെട്ടു. മേൽപ്പാലത്തിൽ നിന്ന് ലോറിയും കാറും നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Follow Us:
Download App:
  • android
  • ios