കൊട്ടാരക്കര കുളക്കടയിലുടെ എംസി റോഡ് കടന്നു പോകുന്ന വലിയ വളവ്. കഴിഞ്ഞ വർഷം മാത്രം ഇവിടെ പൊലിഞ്ഞത് 14 ജീവനുകളാണ്. 

കൊല്ലം: എംസി റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ കൊണ്ടുവന്ന താത്കാലിക സംവിധാനം പാളി. അധികൃതർ സ്ഥാപിച്ച ഫ്ലക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ വാഹനങ്ങൾ ഇടിച്ചു തകർന്നിരിക്കുകയാണ്. അപകടങ്ങൾ തടയാൻ ഉദ്യോഗസ്ഥര്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താത്തിൽ കടുത്ത പ്രതിഷേധത്തിലാണ് എം.സി റോഡിനരികിൽ താമസിക്കുന്നവര്‍. കൊട്ടാരക്കര കുളക്കടയിലുടെ എംസി റോഡ് കടന്നു പോകുന്ന വലിയ വളവ്. കഴിഞ്ഞ വർഷം മാത്രം ഇവിടെ പൊലിഞ്ഞത് 14 ജീവനുകളാണ്.

വാളകം മുതൽ കുളക്കട വരെയുള്ള റോഡിലാണ് കൊല്ലം ജില്ലയിൽ പ്രധാനമായും അപകടമുണ്ടാകുന്നത്. രാവിലെ എട്ടിനും പത്തിനും ഇടയിലും വൈകിട്ട് 6 നും 8 നും ഇടയിലുമാണ് കൂടുതൽ അപകടങ്ങളും. വലിയ വളവുകളും, അമിത വേഗതയുമാണ് അപകടങ്ങൾക്ക് പ്രധാന7 കാരണമെന്നാണ് നാറ്റ്പാക്കിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്തെ കേശവദാസപുരം മുതൽ അങ്കമാലി വരെ നീളുന്ന എംസി റോഡിൽ കഴിഞ്ഞ വർഷം പൊലിഞ്ഞത് 181 ജീവനുകളാണ്. 1458 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു.

അപകടങ്ങൾ കൂടിയപ്പോൾ പലയിടത്തും അധികൃതർ ഫ്ലക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ സ്ഥാപിച്ചു. പക്ഷേ ഇന്ന് അവയുടെ അവസ്ഥ ഇതാണ്. വലിയ വളവുകളിൽ സ്പീഡ് ബ്രേക്കർ സംവിധാനം വേണമെന്നാണ് എംസി റോഡിനരികിൽ കഴിയുന്നവരുടെ ആവശ്യം. നാറ്റ്പാക് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ നടപ്പാക്കുമെന്നു മാത്രമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News