ടെലിഗ്രാം, വാട്‌സാപ്പ് വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയത്

ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്‍റെ (ലേലം) പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും 25.5 ലക്ഷം തട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയില്‍. തൃശൂർ ചാവക്കാട് സ്വദേശി കുന്നത്തു വളപ്പിൽ കെ എ ഷെജീറിനെ (41) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയെ സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി പരാതിക്കാരനെ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്.

പരാതിക്കാരന് നഷ്‌ടമായ തുകയിൽ 5,52,006 രൂപ അറസ്റ്റിലായ പ്രതി ഷെജീർ തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയ ശേഷം ഈ തുകയുൾപ്പെടെ 6,12,000 രൂപ ചെക്ക് വഴി പിൻവലിച്ച് വളാഞ്ചേരി സ്വദേശിയായ ഒരാൾക്ക് കൈമാറിയതായും അയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കേസിലെ കൂടുതൽ പ്രതികളെക്കുറിച്ചു അന്വേഷണം നടത്തി വരികയാണ്.

ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ മഹേഷ് എം എം, സിവിൽ പൊലീസ് ഓഫിസര്‍മാരായ റികാസ് കെ, ശരത്പ്രസാദ്, ആരതി കെ യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണൻ എൻ മുമ്പാകെ ഹാജരാക്കി. ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ പരാതികൾ നിലവിലുണ്ട്. കൂടാതെ ഇയാൾ എ ടി എം മുഖേനയും 3 ലക്ഷത്തോളം രൂപ പിൻവലിച്ചെടുത്ത് വളാഞ്ചേരി സ്വദേശിക്ക് നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ആഫ്രിക്കയിൽ നിന്ന് കടത്തിയ 130 കോടി രൂപ വിലയുള്ള 22.60 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ നാല് പ്രതികൾക്ക് കഠിന ശിക്ഷ വിധിച്ചു എന്നതാണ്. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കെ പി അനിൽകുമാറാണ് വിധി പ്രസ്താവന നടത്തിയത്. കേസിൽ പ്രധാന പ്രതികൾക്ക് 60 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. പ്രധാന പ്രതികളായ സന്തോഷ് ലാൽ (43), രമേശ് (33) എന്നിവർക്കാണ് 60 വർഷം വീതം കഠിനതടവും 4 ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. മറ്റ് രണ്ട് പ്രതികളായ ബിനുക്കുട്ടൻ (46), ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.