പിഴസംഖ്യയില്‍ ഒരു ലക്ഷം രൂപഅതിജീവിതയ്ക്കു നല്‍കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു. പുന്നയൂര്‍കുളം കിണര്‍ദേശം മന്ദലാംകുന്ന് മേച്ചോടവീട്ടില്‍ രമേശനെ (33) യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ്. സുധീഷ് കുമാര്‍ ശിക്ഷിച്ചത്.

തൃശൂര്‍: വിവാഹിതനാണെന്നത് മറച്ച് വെച്ച് വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ചെസ് മാസ്റ്റര്‍ക്ക് 35 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും. പിഴസംഖ്യയില്‍ ഒരു ലക്ഷം രൂപഅതിജീവിതയ്ക്കു നല്‍കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു. പുന്നയൂര്‍കുളം കിണര്‍ദേശം മന്ദലാംകുന്ന് മേച്ചോടവീട്ടില്‍ രമേശനെ (33) യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ്. സുധീഷ് കുമാര്‍ ശിക്ഷിച്ചത്.

2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലബില്‍ ചെസ് പഠിക്കുന്നതിന് ചേര്‍ന്നിരുന്ന 14 കാരിയെഅവിവാഹിതനും ആരുമില്ലാത്തവനുമാണന്ന് തെറ്റിദ്ധരിപ്പിച്ച് വശീകരിച്ചശേഷം പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്. പിന്നീട് സ്‌കൂളില്‍ പോകുന്ന വഴിയില്‍ വാഹനത്തില്‍ കയറ്റി കുന്നംകുളത്തേക്ക് പോകുമ്പോള്‍ ക്ലാസ് ടീച്ചറോട് ബന്ധു വന്നതുകൊണ്ട് നേരം വൈകുമെന്ന് വിളിച്ചു പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ടീച്ചര്‍ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.

വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ രോഷിണി എടുത്ത മൊഴി പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. വടക്കേക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ആനന്ദ്, സതീഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് രമേശിനെ കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിനിമോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.