കൃഷിയിടങ്ങളിലേയ്ക്ക് കാട്ടാനകള്‍ കടക്കുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിലേയ്ക്ക് കേബിള്‍ വഴി വൈദ്യുതി നേരിട്ട് കടത്തി വിട്ടതാണ് അപകടത്തിന് കാരണം.

ഇടുക്കി: ചിന്നക്കനാല്‍ 301 കോളനിയ്ക്ക് സമീപം കാട്ടാന വൈദ്യുതി ആഘാതമേറ്റ് ചെരിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. 301 കോളനി പാല്‍കുളംകുടിയില്‍ സുരേഷ് ആണ് അറസ്റ്റിലായത്. രണ്ട് മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 13നാണ് 45 വയസ് പ്രായം വരുന്ന പിടിയാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്. 

കൃഷിയിടങ്ങളിലേയ്ക്ക് കാട്ടാനകള്‍ കടക്കുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിലേയ്ക്ക് കേബിള്‍ വഴി വൈദ്യുതി നേരിട്ട് കടത്തി വിട്ടതാണ് അപകടത്തിന് കാരണം. ആനയുടെ സമീപത്ത് നിന്നും കണ്ടെത്തിയ വൈദ്യുതി കമ്പികളുടേയും കേബിളിന്റെയും ബാക്കി ഭാഗം സുരേഷിന്റെ വീട്ടില്‍ നിന്നും വനം വകുപ്പ് കണ്ടെത്തിയിരുന്നു. 

സംഭവത്തിന് ശേഷം എറണാകുളത്തും ചാറ്റുപാറയിലുമായാണ് സുരേഷ് ഒളിവില്‍ കഴിഞ്ഞത്. സുഹൃത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം എടുക്കാന്‍ വന്നപ്പോഴാണ്, സുരേഷ് പിടിയിലായത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2017ന് ശേഷം ചിന്നക്കനാലില്‍ മൂന്ന് ആനകളാണ് വൈദ്യുത ആഘാതമേറ്റ് ചെരിഞ്ഞത്.