ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ പ്രസിഡന്റ് രഞ്ജിത്ത് രാമചന്ദ്രനാണ് ആക്രമത്തിനിരയായത്. 

കുട്ടനാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ച് കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ പ്രസിഡന്റ് രഞ്ജിത്ത് രാമചന്ദ്രനാണ് ആക്രമത്തിനിരയായത്. സംഭവത്തില്‍ പുളിങ്കുന്ന് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ചക്കാലയില്‍ വീട്ടില്‍ ശ്യാം ഷാജി(29), പത്താം വാര്‍ഡില്‍ ഇടവന വീട്ടില്‍ ശ്യാം (33), ഏഴാം വാര്‍ഡില്‍ തൈപ്പറമ്പില്‍ സുനില്‍കുമാര്‍(47), ആറാം വാര്‍ഡില്‍ തുണ്ടിയില്‍ മനീഷ് (30) എന്നിവരെ് പുളിങ്കുന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ പുളിങ്കുന്ന്പുന്നക്കുന്നത്തുശേരിയിലായിരുന്നു സംഭവം.

രഞ്ജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഓട്ടോയില്‍ സൂക്ഷിച്ച വടിവാള്‍ ഉപയോഗിച്ച് രഞ്ജിത്തിനെ കുത്തി പരിക്കേല്‍പിക്കുയായിരുന്നു. സുഹൃത്തിനും മര്‍ദ്ദനമേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച രഞ്ജിത്തിന് പിന്നില്‍ നാല് തുന്നിക്കെട്ടലുകളുണ്ട്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചു. ഇന്ന് രാവിലെ പുളിങ്കുന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് വൈകിട്ട് റിമാന്‍ഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona