കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയര്‍ പോര്‍ട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

മലപ്പുറം: കേരളത്തിലുടനീളം വഞ്ചനാ കേസിലുള്‍പ്പെട്ട പ്രതി പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിൽ. പെരിങ്ങോട് ചാഴിയാട്ടിരി അയ്യത്തുവളപ്പില്‍ എ വി സജിത്ത് (42) എന്നയാളെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്. 2015 ല്‍ സജിത്ത് കറുപുകപുത്തൂര്‍ കുറീസ് എന്ന പേരില്‍ ഒരു സ്ഥാപനം പെരിന്തല്‍മണ്ണ യിലെ ഊട്ടി റോഡില്‍ നടത്തിയിരുന്നു. സ്ഥാപനത്തിനെതിരെ നിക്ഷേപകര്‍ പരാതി നല്കിയതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ പ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞു.

ശേഷം 9 വര്‍ഷത്തോളമായി പ്രതി വിദേശത്ത് ഒളിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയര്‍ പോര്‍ട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സജിത്തിന് കേരളത്തിലുടനീളം വിവിധ പോലീസ് സ്റ്റേഷനുകളില്‍ 50 ഓളം വഞ്ചനാ കേസുകളും വധശ്രമ കേസും നിലവിലുണ്ട്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവി യെ കൂടാതെ എസ് ഐ യാസിര്‍ , എസ് സി പി ഒ സക്കീര്‍ പാറക്കടവന്‍, സി പി ഒ മാരായ ഷാലു, കൃഷ്ണപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

പഠിപ്പിച്ച സ്‌കൂളില്‍ ലൈംഗിക അതിക്രമം, പരീക്ഷ ഡ്യൂട്ടിക്ക് പോയപ്പോഴും കുട്ടികളോട് ക്രൂരത; 29 വർഷം ജയിൽ ശിക്ഷ

YouTube video player

അതേസമയം മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാ‍ർത്ത കോയമ്പത്തൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത പണവുമായി മൂന്ന് പേര്‍ പിടിയിലായി എന്നതാണ്. ഇരുപത്തേഴര ലക്ഷം രൂപയുമായാണ് സ്ത്രീയുള്‍പ്പെടെ മൂന്ന് പേരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വളാഞ്ചേരി വൈക്കത്തൂര്‍ താമസിക്കുന്ന ദത്ത സേട്ട് (54) മൂച്ചിക്കല്‍ കളപ്പാട്ടില്‍ നിസാര്‍ (36) എന്നിവരെയും ഒരു സ്ത്രീയെയുമാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കരുത്തേടത്തും സംഘവും ഇന്നലെ രാവിലെ കൊടുമുടിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡി വൈ എസ് പി ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തി പണം പിടികൂടിയത്. എസ് ഐ അസീസ്, എ എസ് ഐ അന്‍വര്‍, സി പി ഒ ദീപു, ഗിരീഷ്, സഫ്‌വാന്‍ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.

കാറിൽ സ്ത്രീയടക്കം മൂന്ന് പേർ, പരിശോധനയിൽ ആദ്യം ഒന്നും കണ്ടില്ല, ശരീരം നിറയെ നോട്ടുകൾ, മലപ്പുറത്ത് പിടിവീണ വഴി