അയൽവീട്ടിലെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 30,000 - രൂപ പിഴയും

ആലപ്പുഴ: അയൽവീട്ടിലെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 30,000 രൂപ പിഴയും. പിഴ ഒടുക്കാഞ്ഞാൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. നെടുമുടി പഞ്ചായത്തിൽ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണി (46 ) യെയാണ് കോടതി ശിക്ഷിച്ചത്. നെടുമുടി പൊലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ ബാൽ ആണ് ശിക്ഷ വിധിച്ചത്.

സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്നതായിരുന്നു 13 വയസുകാരൻ. ഈ സമയം പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി. പിഴത്തുകയിൽ 25,000/- രൂപ കുട്ടിക്കു നൽകാൻ നിർദ്ദേശമുണ്ട്. നഷ്ടപരിഹാരത്തുക യുക്തമായതു നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവ്വിസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

Also Read:വെള്ളി പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ ഇരു കാൽപാദങ്ങളും വെട്ടിമാറ്റി, കൊടും ക്രൂരത 100 വയസുകാരിയോട്

അതേസമയംകൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയിലായി. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയ്ക്കലിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ മണിലാൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നായിരുന്നു പീ‍ഡനം.

തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പതിനൊന്നുകാരനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. 

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന മണിലാലിനെ ഇന്ന് പിടികൂടുകയായിരുന്നു. ഇയാൾ ഇതിനു മുമ്പും സമാന കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.