നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; പിടിയിലായത് ചോറ്റാനിക്കരയിൽ നിന്ന്
വീട് കുത്തിതുറന്ന് മോഷണം, വാഹനമോഷണം, ക്ഷേത്രങ്ങളിലും പള്ളികളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സന്തോഷിനെ ചോറ്റാനിക്കരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ : നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാള മടത്തുംപടി സ്വദേശി സന്തോഷിനെയാണ് (45) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷും ആളൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. വീട് കുത്തിതുറന്ന് മോഷണം, വാഹനമോഷണം, ക്ഷേത്രങ്ങളിലും പള്ളികളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ചോറ്റാനിക്കരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആളൂർ, പുത്തൻവേലിക്കര സ്റ്റേഷനുകളിലെ പിടികിട്ടാപ്പുള്ളിയാണ് സന്തോഷ്. മോഷണം നടത്തിയ ശേഷം പല സ്ഥലങ്ങളിലായി മാറി താമസിക്കുന്ന പ്രതിയെ മാസങ്ങളായി പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇടക്കിടെ മൊബൈൽ നമ്പറുകൾ മാറ്റിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പുത്തൻവേലിക്കര, മാള, ആളൂർ, ചാലക്കുടി, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, പേരാമംഗലം, മതിലകം, ചെങ്ങമനാട്, നോർത്ത് പറവൂർ സ്റ്റേഷനുകളിലടക്കം നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
ആളൂർ എസ്ഐ കെ എസ് സുബിന്ദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ ജോജി അല്ലേശു, സീനിയർ സിപിഒ ഇ എസ് ജീവൻ, സിപിഒമാരായ കെ എസ് ഉമേഷ്, എ വി സവീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം