സിടി സ്‌കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ആശുപത്രിയില്‍ സിടി ഇല്ലാത്തതെന്തേ എന്നു ചോദിച്ചായിരുന്നു പ്രതികള്‍ ബഹളമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

തൃശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ബഹളം വെച്ച് ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടത്തുകയും ചെയ്ത കേസില്‍ 3 യുവാക്കളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. ഊരകം പുല്ലൂര്‍ സ്വദേശികളും സഹോദരങ്ങളുമായ നെല്ലിശ്ശേരി വീട്ടില്‍ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂര്‍ ചേര്‍പ്പുംകുന്ന് സ്വദേശി മഠത്തിപറമ്പില്‍ വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ അടിപിടിക്കേസിൽ പരിക്കു പറ്റി എന്ന് പറഞ്ഞാണ് മൂവരും ആശുപത്രിയിലെത്തിയത്. 

സിടി സ്‌കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ആശുപത്രിയില്‍ സിടി ഇല്ലാത്തതെന്തേ എന്നു ചോദിച്ചായിരുന്നു പ്രതികള്‍ ബഹളമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സ നല്‍കിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ്.കെ.ജെ, സബ് ഇന്‍സ്‌പെക്ടര്‍ സോജന്‍, എസ്.ഐ സഹദ്, ജി.എസ്.ഐ മുഹമ്മദ് റാഷി, ജി.എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.