ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വിധി പ്രസ്താവിച്ചത്

തൃശൂർ: 12 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷത്തെ കഠിന തടവും പിഴയും വിധിച്ചു. കൊടകര വില്ലേജ് കനകമല ദേശത്ത് പെരിങ്ങാടൻ വീട്ടിൽ ഹരിപ്രസാദിനെ (25 ) യാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 52 വർഷത്തെ കഠിന തടവിനും 195000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 12 വയസ്സുകാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടി കൊണ്ടുപോയി മുരിയാട് അണ്ടി കമ്പനി പരിസരത്തുള്ള പാടത്തെ ബണ്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി എ സിറാജുദ്ദീൻ ശിക്ഷിച്ചത്.

ആളൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ സി രതീഷ് ആണ് അന്വേഷണം നടത്തി ചാർജ്ജ് ഹാജരാക്കിയത്. സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ വി പി, എ എസ് ഐ മാരായ പ്രസാദ് കെ കെ, ധനലക്ഷ്മി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സ്പെഷ്യൽ പോക്സോ കോടതി ചാലക്കുടിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ആളൂർ പൊലീസ് സ്റ്റേഷൻ സി പി ഒമാരായ സവീഷ്, ഡാനിയേൽ സാനി, ബിലഹരി കെ എസ്, സ്പെഷ്യൽ പോക്സോ കോർട്ട് ലൈസൺ ഓഫീസർ ചിത്തിര വി ആർ എന്നിവർ ഏകോപിപ്പിച്ചു.

അധ്യാപകർക്കെതിരായ പോക്സോ കേസ്; 72 എണ്ണം ഡിജിപിയുടെ മുന്നിലുണ്ട്, കർശന നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചതാണ്. 72 കേസുകളാണ് ഡി ജി പിയുടെ മുന്നിൽ ഉള്ളത്. ഇതിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ട്. ഇതിൽ ആർക്കും യാതൊരു സംരക്ഷണവും നൽകില്ല. നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം