കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ പേരാവൂർ തൊണ്ടി സ്വദേശിയായ വലയമണ്ണിൽ വീട്ടിൽ ജെയിംസ് വർഗീസ് (65) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ കൃഷ്ണകുമാർ ശിക്ഷിച്ചത്.

2021 നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി വി അജീഷാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്‌പെക്ടർ പി കെ ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി വി ഗീത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി ബബിത ഹാജരായി.

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഇടുക്കി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി എന്നതാണ്. ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ അതോറിറ്റി ചെയർമാനുമായ ശശികുമാർ പി എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമത്തെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാൻ പലർക്കും കഴിയുന്നില്ല. അതിനൊരു പരിഹാരമാണ് ഈ നിയമ പുസ്തകം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേഫ് ചൈൽഡ് പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വിദ്യാഭ്യാസ വകുപ്പും വനിതാ ശിശു വികസന വകുപ്പും കേരള സ്റ്റേറ്റ് ലീഗൽ സർവീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനായി 2012 ലാണ് പോക്സോ നിയമം പാസാക്കിയത്.

പോക്സോ പ്രത്യേക കോടതി ജില്ലാ ജഡ്ജി ആഷ് കെ ബാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ചടങ്ങിൽ വിശിഷ്ടാതിഥിയായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ ഡി ഇ ഒ ഷീബ മുഹമ്മദിന് പോക്സോ നിയമം പുസ്തകം കൈമാറി. യോഗത്തിൽ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സിന്ധു തങ്കം, ജില്ലാ ഗവ. പ്ലീഡർ അഡ്വ. എസ് എസ് സനീഷ്, പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വ. പി വി വാഹിദ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എൻ എൻ സിജി, വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ മാനേജർ ആർ കെ ദാസ്, സ്‌കൂൾ പ്രിൻസിപ്പൽ സജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.