341, 342, 364, 323, 326, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര കുഴിച്ചാണിയിൽ അശ്വതി ഭവനിൽ ജോണി (53) ക്ക് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ എം ബഷീറാണ് ശിക്ഷ വിധിച്ചത്. ചെങ്കൽ പുല്ലുവിള പുത്തൻ വീട്ടിൽ തോമസ് (43) ആണ് കൊലചെയ്യപ്പെട്ടത്. 341, 342, 364, 323, 326, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
വിശദവിവരങ്ങൾ ഇങ്ങനെ
പ്രതി ജോണിക്ക് കൊലചെയ്യപ്പെട്ട തോമസിനോട് മുൻവൈര്യാഗ്യമുണ്ടായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ജോണി തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് വിലക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളും പിടിവലിയും കളിയാക്കലുകളും പതിവായിരുന്നു. 23-06-2021 തിയതി രാത്രി ചെങ്കൽ വട്ടവിള ജംഗ്ഷനിൽ ജോജു എന്നയാൾ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിനു മുൻവശം വച്ചാണ് കുറ്റകൃത്യത്തിന്‍റെ തുടക്കം. കാപ്പി കുടിക്കാൻ എത്തിയ തോമസിനെ പിന്തുടർന്ന് എത്തിയ പ്രതി ജോണി നാട്ടുകാരുടെ മുന്നിൽ വച്ചു പിടിച്ചു തള്ളുകയും കളിയാക്കുകയും ചെയ്തു. ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങാൻ ഒരുങ്ങിയ തോമസിനെ പ്രതി ജോണി നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. കുഴിച്ചാണിയിൽ പ്രതി താമസിക്കുന്ന വീട്ടിന്റെ ഹാൾമുറിയിൽ ബലമായി എത്തിച്ച ശേഷം രാത്രി മർദ്ദിച്ച് അവശനാക്കി. പാറക്കഷ്ണം കൊണ്ട് തോമസിന്റെ നെഞ്ചിൽ ഇടിച്ച് എട്ടു വാരിയെല്ലുകൾ പൊട്ടിച്ചും, തല പിടിച്ചു മുറിയിൽ ഉണ്ടായിരുന്ന കട്ടിലിന്റെ കാലിൽ ഇടിച്ചും കൊലപെടുത്തുകയായിരുന്നു. അടുത്ത ദിവസമാണ് തോമസിന്‍റെ മൃതദേഹം വീടിനു പുറത്തെ കോമ്പൗണ്ട് മതിലിനോട് ചേർത്ത് കിടത്തിയത്.
തുടക്കത്തിൽ അസ്വഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം എന്ന് തെളിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത് കൃത്യത്തിന് ഉപയോഗിച്ച പാറകല്ലിന്റെ കഷണവും, രക്തം തുടച്ചു കളയാൻ ഉപയോഗിച്ച പ്രതിയുടെ തോർത്ത്, മുണ്ട്, ഷർട്ട് എന്നിവയും കണ്ടെടുത്തു. വീട്ടിലെ തറയിൽ കണ്ട രക്ത കറയും, പ്രതിയുടെ വസ്ത്രങ്ങളിൽ കണ്ട രക്തകറയും, വായിൽ നിന്നുമുള്ള ശ്രവങ്ങളും ഫോറൻസിക് പരിശോധനയിൽ മരണപെട്ട തോമസിന്‍റേതാണെന്ന് തെളിഞ്ഞു.
കൊലപാതകം നടന്ന ദിവസം രാത്രിയിൽ ജോണി, തോമസിനെ ബൈക്കിൽ പുറകിലിരുത്തി കൊണ്ട് പോകുന്നത് പതിഞ്ഞ വട്ടവിള ജംഗ്ഷനിലെ സർവീസ് സഹകരണ ബാങ്കിലെ സി സി ടി വി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി. പ്രതി ജോണി നിരവധി കഞ്ചാവ്, ചാരായം, മണൽ കടത്തു കേസുകളിലും ഉൾപ്പെട്ട കേസുകളുടെ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യുഷൻഭാഗം 46 സാക്ഷികളെ വിസ്തരിച്ചു. 70 രേഖകളും 37 കേസിൽ പെട്ട വസ്തുക്കളും കോടതിയിൽ ഹാജരാക്കി. പാറശ്ശാല പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ജനാർദ്ദനൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ കൂടുതൽ അന്വേഷണം സർക്കിൾ ഇൻസ്‌പെക്ടർ മാരായ ഇ കെ സോൾജി മോൻ, എം ആർ മൃദുൽ കുമാർ, ടി സതികുമാർ എന്നിവർ നടത്തി ഫൈനൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ പാറശ്ശാല എ അജികുമാർ ഹാജരായി.
ഒന്നും രണ്ടുമല്ല, മൂന്ന് ലോക റെക്കോർഡുകൾ, ലോകത്തെ അമ്പരപ്പിച്ച് തൃശൂരിലെ 7 മാസം പ്രായമുള്ള ഇസബല്ല
