തൃശൂരിൽ 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 55കാരന് കോടതി 54 വർഷത്തെ തടവും 1,40,000 രൂപ പിഴയും വിധിച്ചു. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

തൃശൂര്‍: പട്ടികജാതിക്കാരനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന് കുന്നംകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും 54 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. സിമന്റ് പണിക്കാരനായ പോര്‍ക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയില്‍ വീട്ടില്‍ സന്തോഷിനെ (പട്ടിക്കാടന്‍ 55) യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.

2024 ജൂലൈ 21 ന് മങ്ങാട് കോട്ടിയാട്ട്മുക്ക് അമ്പലത്തില്‍ പാട്ട് വെച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന 11 കാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു പ്രതി. പഴഞ്ഞിയില്‍ പെരുന്നാളിന് പോയി വന്ന ബന്ധുക്കള്‍, കുട്ടി പാടത്തുനിന്നും ചെളിപ്പുരണ്ട് വരുന്നത് കണ്ട് കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്.

തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ എസ് അനൂപാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ യു കെ ഷാജഹാന്‍, എ സി പി സി ആര്‍ സന്തോഷ് എന്നിവര്‍ അന്വേഷണം നടത്തിയ ശേഷം കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയില്‍ 18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ എസ് ബിനോയ്, അഭിഭാഷകരായ കെ എന്‍ അശ്വതി, ടി വി ചിത്ര എന്നിവരും, ഗ്രെയ്ഡ് എ എസ് ഐ എം ഗീത എന്നിവരും പ്രവര്‍ത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം