പ്രധാന സാക്ഷികൾ കൂറുമാറിയ കേസിൽ കുട്ടിയുടേയും മാതാവിന്റേയും മൊഴിയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാ പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് നാല് വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കാട്ടാക്കട കൊല്ലോട് സ്വദേശി സത്യദാസിനെ (65) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കുട്ടിയെ കാച്ചിൽ നൽകാനായി പ്രതിയുടെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവെത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൻ്റെ മനോവിഷമത്തിൽ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി കേസെടുത്തത്.

പ്രധാന സാക്ഷികൾ കൂറുമാറിയ കേസിൽ കുട്ടിയുടേയും മാതാവിന്റേയും മൊഴിയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. അന്നത്തെ വിളപ്പിൽശാല സബ് ഇൻസ്പെക്ടർ വി.ഷിബുവാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും അഞ്ച് തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം