കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പെര്‍മിറ്റില്ലാതെ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടി തുടങ്ങി. അനുമതിയില്ലാത്തവരെ നിരത്തില്‍ ഓടിക്കരുതെന്നാവശ്യപ്പെട്ട് പെര്‍മ്മിറ്റ് തൊഴിലാളികളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ട്രാഫിക് പോലീസിനെ സമീപിച്ചതോടെയാണ് പോലീസ് നടപടി തുടങ്ങിയത്. ആദ്യഘട്ടമെന്ന നിലയില്‍ പെര്‍മ്മിറ്റില്ലാതെ ഓടിയാല്‍ ഓട്ടോകള്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 4500 ല്‍ താഴെ ഓട്ടോറിക്ഷകള്‍ക്കാണ് പെര്‍മ്മിറ്റുള്ളത്. എന്നാല്‍ 25000 ത്തില്‍ അധികം ഓട്ടോകള്‍ നിരത്തിലോടുന്നുണ്ട്. കോര്‍പ്പറേഷന്‍ 15 വര്‍ഷമായി പുതിയ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. പുതിയ പെര്‍മ്മിറ്റുകള്‍ നല്‍കാത്തതിന് കാരണമായി കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നത് പാര്‍ക്കിംഗ് സൗകര്യക്കുറവാണ്. 

വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ ദേശീയപാത ഉപരോധമടക്കമുള്ള സമരം തുടങ്ങാനാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ തീരുമാനം. പത്ത് വര്‍ഷത്തില്‍ അധികമായി നഗരത്തില്‍ ഓട്ടോറിക്ഷയോടിക്കുന്നവര്‍ക്ക് പെര്‍മ്മിറ്റ് നല്‍കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. നഗരത്തില്‍ സൗകര്യമില്ലെന്ന കോര്‍പ്പറേഷന്‍റെ വിശദീകരണം ശരിയല്ലെന്നും ഇവര്‍ വാദിക്കുന്നു. വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പെര്‍മ്മിറ്റില്ലാത്ത ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.