ചുവന്ന ഷർട്ടിട്ട ഷാദിലിനേയും ഒപ്പമുണ്ടായിരുന്ന ഷാഹിദിനേയും പൊലീസ് അവിടെവെച്ച് മർദിച്ചതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. വിശദമായ ചോദ്യംചെയ്യലിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ഇവരല്ലെന്ന് കണ്ടെത്തി. സംഭവത്തെ തുടർന്ന് സിപിഎം-കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

കായംകുളം. പെൺകുട്ടിയോട് മോശമായി സംസാരിച്ചു എന്ന പരാതിയില്‍ ആളുമാറി വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ എസ്‌ ഐ മാരുൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഡി വൈ എസ് പി ആർ ബിനു നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് അദ്ദേഹം ശുപാർശ നൽകി.

എരുവ തുണ്ടുപറമ്പിൽ ഹയറുന്നിസയുടെയും പരേതനായ ഷാജഹാന്റെയും മകൻ ഷാദിലിനേയും ഹയറുന്നിസയുടെ സഹോദരൻ നിസാമിന്റെ മകൻ ഷാഹിദിനെയുമാണ് കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസ് സംഘം മർദിച്ചത്. എം എസ് എം ഹൈസ്കൂളിനു സമീപം പുത്തൻതെരുവ് പള്ളിയിൽ നിന്നും പ്രാർത്ഥനക്ക് ശേഷം വീട്ടിലേക്കു മടങ്ങിയ ഇവരെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രി യിലെത്തി വിദ്യാർഥികളിൽ നിന്ന് ഡി വൈ എസ് പി നേരിട്ട് മൊഴിയെടുത്ത ശേഷമാണ് അന്വേഷണ റിപ്പോർട്ടും നടപടിക്കുളള ശുപാർശയും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചുവന്ന ഷർട്ടിട്ടയാളാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പളളിക്ക് സമീപം എത്തിയത്.

ചുവന്ന ഷർട്ടിട്ട ഷാദിലിനേയും ഒപ്പമുണ്ടായിരുന്ന ഷാഹിദിനേയും പൊലീസ് അവിടെവെച്ച് മർദിച്ചതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. വിശദമായ ചോദ്യംചെയ്യലിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ഇവരല്ലെന്ന് കണ്ടെത്തി. സംഭവത്തെ തുടർന്ന് സിപിഎം-കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു'