എറണാകുളം അരൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പ് നടത്തി. ആദ്യമായി മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ചുമർ ചിത്രകാരൻ സജി നറുക്കെടുപ്പിലൂടെ വിജയിച്ചു.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സീറ്റ് ഉറപ്പിച്ചിരിക്കുകയാണ് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട സജി അരൂർ. എറണാകുളം അരൂർ ഗ്രാമപഞ്ചായത്തിൽ 22-ാം വാർഡിലെ വോട്ട് എണ്ണിയപ്പോൾ എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് തുല്യ വോട്ടുകൾ. ഇതോടെ ഫല പ്രഖ്യാപനം നടത്താതെ അവസാനത്തേക്ക് മാറ്റി വെച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി സജി അരൂരിന്‍റെയും യു ഡി എഫിലെ ലോഷ് മോന്‍റെയും വിജയമാണ് തുലാസിലായത്. വോട്ട് എണ്ണിയപ്പോൾ ഇരുവർക്കും 328 വോട്ട് വീതമാണ് ലഭിച്ചത്. വോട്ടിംഗ് യന്ത്രത്തിലും പിഴവുണ്ടായില്ല, എല്ലാം കൃത്യം എന്ന് ഉറപ്പിച്ചതോടെ സ്ഥാർത്ഥികൾക്ക് ടെൻഷനും വോട്ടർമാർക്ക് കൗതുകവും വർധിച്ചു.
പിന്നീട് ഇരുവരുടെയും സമ്മതത്തോടെ നറുക്കെടുപ്പ് നടത്താൻ തീരുമാനിച്ചു. നറുക്കെടുപ്പിൽ ആകാംക്ഷയ്ക്ക് വിരാമമിട്ട് സജി തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഇടത് മുന്നണിക്ക് നേട്ടമായി. ചുമർ ചിത്രകാരനായ സജി ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു ഡി എഫ്. സ്ഥാനാർഥിയായിരുന്നു ലോഷ് മോന്റെ പേരും ശ്രദ്ധേയമായിരുന്നു. മധു ചക്കനാട്ടായിരുന്നു എൻ ഡി എയുടെ സ്ഥാർത്ഥി.


