Asianet News MalayalamAsianet News Malayalam

മോഷ്ടിച്ച സ്വര്‍ണം പണമാക്കാൻ യഥാര്‍ത്ഥ വിലാസവും ഫോൺ നമ്പറും നൽകി, പിന്നാലെ പൊലീസെത്തി; കൊലക്കേസിൽ അറസ്റ്റ്

സിസിടിവികൾ പരിശോധിച്ച പൊലീസിന് നാട്ടുകാര്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇവരുടെ സഞ്ചാര ദിശ മറ്റ് സിസിടിവികൾ നോക്കി മനസിലാക്കി

adimali fathima kasim case accused mortgaged stolen gold in same city
Author
First Published Apr 14, 2024, 2:37 PM IST | Last Updated Apr 14, 2024, 2:40 PM IST

ഇടുക്കി: അടിമാലിയിൽ വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിലാകാനുള്ള തുമ്പ് ലഭിച്ചത് അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന്. അടിമാലി കുരിയൻസ് പടിയിൽ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിമിനെ കൊന്ന് സ്വര്‍ണവുമായി മുങ്ങിയ പ്രതികൾ, അടിമാലിയിലെ തന്നെ ധനകാര്യ സ്ഥാപനത്തിൽ ഇതിൽ ചിലത് പണയം വെച്ചിരുന്നു. ഇവിടെ നൽകിയ വിലാസവും ഫോൺ നമ്പറും പ്രതികളുടേത് തന്നെയായിരുന്നു. ഫാത്തിമയുടെ വീടിനടുത്ത് കണ്ട രണ്ട് പേരെ തിരഞ്ഞെത്തിയ പൊലീസിന് പ്രതികൾ ഇവരാണെന്ന് വ്യക്തമാവുകയും, പ്രതികളെ കണ്ടെത്താൻ സാധിക്കുന്ന ഫോൺ നമ്പറും വിലാസവും കിട്ടുകയും ചെയ്തു.

ഫാത്തിമയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് മുളകുപൊടി വിതറിയാണ് പ്രതികൾ മുങ്ങിയത്. ഇത് കണ്ട് പ്രതികൾ ബുദ്ധിമാന്മാരാണെന്നാണ് കരുതിയതെങ്കിലും അധികം വൈകാതെ എല്ലാം മാറിമറിഞ്ഞു. ഫോൺ നമ്പറിന്റെ ടവര്‍ ലൊക്കേഷൻ പരിശോധിച്ചാണ് പ്രതികളായ കവിതയെയും കെജെ അലക്സിനെയും പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ പകൽ 11 നും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരോടും വിവരം തിരക്കി. അപ്പോഴാണ് പരിചയമില്ലാത്ത രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി മൊഴി ലഭിച്ചത്.

സിസിടിവികൾ പരിശോധിച്ച പൊലീസിന് നാട്ടുകാര്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇവരുടെ സഞ്ചാര ദിശ മറ്റ് സിസിടിവികൾ നോക്കി മനസിലാക്കി. അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിലാണ് പ്രതികൾ എത്തിയതെന്ന് പൊലീസിന് മനസിലായി. ഇവിടെ നിന്ന് കിട്ടിയ ഫോൺ നമ്പറിന്റെ സഞ്ചാര ദിശ മനസിലാക്കി പാലക്കാടെത്തിയപ്പോൾ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഫാത്തിമയുടെ പക്കൽ നിന്നും മോഷ്ടിച്ച സ്വര്‍ണത്തിൽ പണയം വച്ചതിന്റെ ബാക്കി അപ്പോഴും പ്രതികളുടെ കൈയ്യിൽ ഉണ്ടായിരുന്നു. ഇതടക്കം പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളെ അടിമാലിയിലേക്ക് എത്തിച്ചു. പ്രതികളെ ഇനിയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇവരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios