ഇടുക്കി: അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ദേവികുളത്തേയ്ക്ക് മാറ്റുന്നതിനുള്ള നടപടി ഊര്‍ജ്ജിതമാക്കി ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍.  ജില്ലയില്‍ ആയിരക്കണക്കിന് പെറ്റിക്കേസുകളാണ് വിവിധ കാരണങ്ങളാല്‍ വഹനയുടമകള്‍ക്ക് ലഭിക്കുന്നത്. ഇത്തരക്കാര്‍ പലപ്പോഴും പെറ്റിക്കേസുകള്‍ തീര്‍പ്പാക്കാന്‍ ദേവികുളത്താണ് എത്തുന്നത്.

എന്നാല്‍ താലൂക്ക് ആസ്ഥാനത്തെത്തുന്നവര്‍ക്ക് പിഴയടക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചിലര്‍ ദേവികുളം സബ് കളക്ടര്‍ ഓഫീസില്‍ മണിക്കുറുകളോളം കാത്തിരുന്ന് മടങ്ങിപ്പോവുകയും ചെയ്യുന്നു. ദേവികുളം ആര്‍ടിഒ ഓഫീസ് അടിമാലയില്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദേവികുളത്ത് കോടികള്‍ മുടക്കി സര്‍ക്കാര്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ആര്‍ടിഒ ഓഫീസ് ഇപ്പോഴും അടിമാലിയില്‍ നിന്നും മാറ്റുന്നതിന് അധിക്യതര്‍ തയ്യറായിട്ടില്ല. മാസം 40000 രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കെട്ടിടത്തിന്റെ വാടകയിടനത്തില്‍ നഷ്ടമാകുന്നത്.

ജീവനക്കാരുടെ പിടിവാശിയാണ് ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നതിന് തടസ്സമെന്നാണ് ആരോപണം. സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നും ജോലിക്കെത്തുന്നവര്‍ക്ക് അടിമാലി സൗകര്യപ്രധമായതാണ് ഓഫീസിന്റെ ആസ്ഥാനം അടിമാലിയില്‍ കേന്ദ്രീകരിക്കാന്‍ കാരണം. താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ രണ്ടുനിലകളാണുള്ളത്. ഇതില്‍ ഒരുനിലയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്നും എത്രയും പെട്ടെന്ന് ആര്‍ടിഒ ഓഫീസ് ദേവികുളത്തേക്ക് മാറ്റണമെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു കെട്ടിടത്തില്‍ പോസ്‌കോ കോടതി ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരിയാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.