ലോൺ അടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ പോലീസ് സംരക്ഷണത്തോടെ വീട്ടിൽ എത്തിയിരുന്നു. 

വയനാട്: കട ബാധ്യത മൂലം വയനാട് പുൽപ്പള്ളിയിൽ അഭിഭാഷകൻ ജീവനൊടുക്കി. മുൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമിയാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപ തിരിച്ചടക്കണമായിരുന്നു.

ലോൺ അടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ പോലീസ് സംരക്ഷണത്തോടെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് 4 ലക്ഷം രൂപ അടച്ചു. ബാക്കിതുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അധികൃതർ മടങ്ങി പോവുകയായിരുന്നു. ഇതിനിടെയാണ് ടോമി വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

അതേസമയം, നിശ്ചിത ദിവസത്തിനകം തുക തിരിച്ചടക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് ടോമിയും മധ്യസ്ഥരും ഒപ്പുവച്ച് നല്‍യിരുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. ഈ ഉറപ്പിന്‍മേല്‍ ജപ്തി നടപടികള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നിര്‍ത്തിവെക്കുകയും രണ്ട് ഘട്ടങ്ങളായി വിഷയം രമ്യമായി പരിഹരിക്കാമെന്ന് സമ്മതിച്ച് ഇതിലേക്കുള്ള മുന്‍കൂര്‍ തുക കൈപ്പറ്റുകയും ചെയ്തു. ഈ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ ഉപഭോക്താവിനു മേല്‍ ബാങ്ക് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. രമ്യമായി വിഷയം തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്തെന്നും വിശദീകരണ കുറിപ്പില്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. 

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)