തിരുവനന്തപുരം: 18 വർഷങ്ങൾക്ക് ശേഷം നാലാം ക്ലാസിൽ പഠിപ്പിച്ച അധ്യാപികയെ അന്വേഷിച്ചുള്ള ചാറ്റേഡ് അക്കൌണ്ടന്‍റായ യുവാവിന്‍റെ  യാത്രാ കുറിപ്പ് വൈറലാകുന്നു. അധ്യാപക ദിനത്തിൽ പിന്നിട്ട വഴികളിൽ താങ്ങും തണലുമായി നിന്ന ഓരോ അധ്യാപകരെയും ഓർത്തു പോകുന്ന കുറിപ്പാണ് ഇടുക്കി സ്വദേശിയായ സി.എ ആൽവിൻ ജോസ് എന്ന യുവാവ് ഫേസ്ബുക്ക് കൂട്ടായ്മയായ സഞ്ചാരിയിൽ കുറിച്ചിരിക്കുന്നത്.   1999-  2000 കാലഘട്ടങ്ങളിൽ ആൽവിനെ 3 ലും 4 ലും  പഠിപ്പിച്ച ഓമന ടീച്ചറെ തേടിയുള്ള  യാത്രാണ് കുറിപ്പിനാധാരം.

ഓമന ടീച്ചർ , സ്ഥലം ശാസ്താംകോട്ട  അന്ന് 8 വയസുകാരനായിരുന്ന ഓർമയിൽ അത്രയേ ടീച്ചറെ കുറിച്ച് അറിയൂ. അന്ന് വരെ  ഒന്നുമല്ലാതെ ആയിരുന്ന തന്നെ ആരൊക്കെയോ ആക്കിയത് ടീച്ചർ ആണെന്ന് ആൽവിൻ പറയുന്നു. 2000-ലെ  അവധികാലത്ത് കാനേഷുമാരി സെൻസസ് നടക്കുന്ന സമയം. മുരിക്കാശ്ശേരി എന്ന തന്‍റെ ഗ്രാമത്തിലെ സെൻസസ് ഡ്യൂട്ടി മുഴുവൻ ഓമന ടീച്ചർക്കായിരുന്നു. കുന്നും മലയുമൊക്കെ കേറാൻ ടീച്ചർ അന്ന് ഒപ്പം കൂട്ടിയത് എട്ട് വയസുകാരനായ തന്നെയാണെന്ന് ആൽവിന്‍ എഴുതുന്നു. അമ്മയെ പോലെ കണ്ടത് കൊണ്ടാവാം താനും മുന്നും പിന്നും നോക്കാതെ ഒപ്പം ഇറങ്ങി.. 

ഒരു മകനെ പോലെ താനും ടീച്ചറുടെ ഒപ്പം നടന്നു. പല വീടുകൾ ചെല്ലുമ്പോളും ദാഹിച്ചു വലഞ്ഞു ആവും ചെല്ലുക , വീട്ടുകാർ എന്തെങ്കിലും  കുടിക്കാൻ കൊടുത്താൽ ടീച്ചർക്ക് മാത്രം , എന്നെ നോ മൈൻഡ് .. പിള്ളേരല്ലേ !! .. പക്ഷെ വീട്ടുകാരുടെ കണ്ണ് ഒന്ന് തെറ്റിയാൽ ടീച്ചർടെ ആ ഒരു ഗ്ലാസ് വെള്ളം എനിക്ക് തരും, എന്നിട് തലയിൽ ഒന്ന് തലോടുമെന്ന് ആൽവിൻ പറയുന്നു. ഒപ്പം നടക്കുമ്പോ ഞാൻ ടീച്ചറെ ഇങ്ങനെ നോക്കാറുണ്ട് . ഒരു 'അമ്മ സ്നേഹം പോലെ .. അന്നത്തെ ഒരു മാസം കൊണ്ട് ടീച്ചർ മുഖം ഒരിക്കലും മറക്കാത്ത ഒന്നായി മാറിയിരുന്നു ..

രണ്ടാം ക്ലാസ് വരെ മലയാളം പോലും മര്യാദക്ക് വായിക്കാൻ അറിയാത്ത തന്നെ ടീച്ചർ ആണ് ആദ്യമായിട്ട് ഒരു പ്രസംഗ മത്സരത്തിന് കൊണ്ട് പോകുന്നത്, ഇടുക്കി വെള്ളയാംകുടിയിൽ സ്കൂൾ കലോത്സവത്തിന്. അവിടെ വെച്ച് ആണ് ജീവിതത്തിൽ ആദ്യമായ് ജയിക്കുന്നത് എന്ന് ആൽവിൻ കുറിപ്പിൽ പറയുന്നു. അന്ന് ജയിച്ച ആദ്യ ജയം ജീവിതത്തിലെ ഒരു വലിയ കാൽവെപ്പായിരുന്നു.

ഒരു സാധാ ഗ്രാമത്തിൽ നിന്ന്, ഇന്നുള്ള നിലയിലേക്ക്, ഒരു ചാർട്ടേർഡ് അക്കൗണ്ടായി മാറിയപ്പോ, ജീവിതത്തിലെ ഓരോ ജയത്തിലും അന്ന് ടീച്ചർ തന്ന ഓർമ്മകൾ ആൽവിന് കരുത്തായിരുന്നു .. താൻ CA പാസ്സായി കഴിഞ്ഞ് ആദ്യം ഓർത്തതും ഓമന ടീച്ചറെ കാണാൻ ആയിരുന്നു. 2001 -ൽ  ടീച്ചർ സ്ഥലം മാറി പോയി എന്ന് മാത്രമേ അന്നത്തെ എട്ട് വയസുകാരന്‍റെ ഓർമയിൽ ഒള്ളു. വേറെ ഒന്നും അറിവില്ല. ആകെ ഉള്ള തുമ്പ് വീട്ടിലെ പഴയ ഫോൺ നമ്പർ എഴുതുന്ന ഡയറിലെ 4 ആം ക്ലാസ്സിലെ പൊട്ട കൈ അക്ഷരത്തിൽ എഴുതിയ 3 കാര്യങ്ങൾ ആണ് ..

ഓമന ടീച്ചർ 
ശാസ്താംകോട്ട 
0486 -2541819

4 ആം ക്ലാസ് തീരുന്നതിനു മുമ്പ് teacher ബോർഡ് ഇൽ എഴുതി ഇട്ടതാണ് അത് എന്ന് മാത്രം ആണ് ഓർമ്മയിൽ ഉള്ളത് .. ഹൈ സ്ക്കൂളിലെ സാമൂഹ്യപാഠം പുസ്തകത്തിലെ  കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ? ശാസ്താംകോട്ട എന്ന് ആവർത്തിച്ച് പഠിക്കുമ്പോ , മനസ്സിൽ പറയുമായിരുന്നു ആഹാ ഇത് ഓമന ടീച്ചറിന്റെ സ്ഥലം ആണല്ലോ .. 
ഏതായാലും കിട്ടിയ തുമ്പ് വെച്ച ഒന്ന് വിളിച്ചാലോ എന്ന് അയ് .. ഒന്ന് നമ്പർ കുത്തി നോക്കി .. അങ്ങനെ ഒരു നമ്പരെ ഇല്ല .. എഴുതി വെച്ചിരിക്കുന്നതെ തെറ്റാണു ... ! പൊട്ട തെറ്റ്  !! 
ചെറുപ്രായത്തിലേ പോക്രിത്തരം !! അങ്ങനെയാണ് ആൽവിൻ അമ്മയോട് കാര്യം പറഞ്ഞത് അപ്പോഴാണ് ടീച്ചറുടെ സ്ഥലം 
ശാസ്താംകോട്ട അല്ല ശാസ്താംകുന്നേൽ എന്നത് ടീച്ചറിന്റെ വീട്ടുപേര് ആണ് . അത് തൊടുപുഴ ഏതോ ഒരു സ്ഥലത്തു ആണെന്ന് അമ്മ പറയുന്നത്.
അങ്ങനെ ടീച്ചറെ കുറിച്ചുള്ള ആകെ ലഭിച്ച മൂന്ന് വിവരങ്ങൾ ഇത്ര മാത്രമാണ്.

1 . പേര് : ഓമന 
2 . വീട്ടുപേര് : ശാസ്താംകുന്നേൽ 
3 . സ്ഥലം : തൊടുപുഴ എവിടെയോ 
4. മറ്റുള്ളവ : 1999, 2001 മുരിക്കാശ്ശേരി സ്കൂളിൽ എന്നെ പഠിപ്പിച്ചട്ടുണ്ട് .

കൂടെ പഠിച്ച പലരോടും ചോദിച്ചു ആർക്കും അത് ഒന്നും അത്ര ഓർമ്മ ഉണ്ടായിരുന്നില്ല എന്ന് ആൽവിൻ പറഞ്ഞു.

ഒരു ബുധനാഴ്ച , ഓഫീസ് കഴിഞ്ഞു കമ്പ്യൂട്ടറിൽ വെറുതെ ടൈപ്പ് ചെയ്തു " ഓമന ടീച്ചർ ശാസ്താംകുന്നേൽ "
കുറെ ശാസ്താംകുന്നേൽ റിസൾട്ട് വന്നു .. ആദ്യത്തെ ഒന്നുമല്ല .. കുറെ ഫയൽ തുറന്ന് നോക്കി, നോ രക്ഷ ,

വെറുതെ ഓരോന്ന് ഓപ്പൺ ചെയ്തു കൊണ്ടേ ഇരുന്നു . പക്ഷെ അതിൽ നാലാമത്തെ ഫയൽ 
- ഒരു സ്കൂളിന്റെ ആയിരുന്നു അതിൽ എന്റെ ടീച്ചറിന്റെ ഫോട്ടോ !! 
St. George HSS ഉടുമ്പന്നൂർ ടീച്ചേർസ് വിവരങ്ങൾ ആണ് . ഒരു നിമിഷം വിശ്വസിക്കാൻ പറ്റിയില്ല . ഫുൾ അഡ്രെസ്സ് അടക്കം ഉണ്ട് അതിൽ . കണക്ക് പ്രകാരം ടീച്ചർ പെൻഷൻ ആയിട്ടുണ്ടാവണം .. സന്തോഷം കൊണ്ട് മറ്റൊരു ലോകത്തു ആയ പോലെ .. ഒന്ന് ഉറപ്പിച്ചു , പോകണം , ഉടുമ്പന്നൂരിലേക് , കണ്ട് പിടിക്കണം ടീച്ചറെ .. ഒരു സമ്മാനം കൊടുക്കണം , ഒരുപാട് വർഷങ്ങൾക് ശേഷം കാണാൻ പോകുവല്ലേ ,   18 വർഷങ്ങൾ .. വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന ടീച്ചറുടെ
മുഖത്തേക്ക് ഒന്ന് നോക്കി .. വലിയ മാറ്റം ഒന്നുമില്ലല്ലേ .. 8 വയസ്സിലെ ഓർമയിൽ ഇത് പോലെ ഒക്കെ തന്നെ ആണ് .. വൈകിട്ട് മമ്മിയെ വിളിച്ചു കാര്യം പറഞ്ഞു , ഒരു കേസ് തെളിയിച്ച CBI ഓഫീസറുടെ ഭാവം ആയിരുന്നു എനിക്ക് .. മമ്മി നല്ല ചിരിയും ..
അങ്ങനെ അടുത്ത ദിവസം തന്നെ ടീച്ചേർക്കുള്ള ഒരു സാരിയും വാങ്ങി . അതിൽ കൂടുതൽ എന്റെ ടീച്ചർക്ക് എന്ത് കൊടുക്കാൻ ആവും.. എല്ലാം തീരുമാനിച്ചു , അടുത്ത ഞായറഴ്ച ഇറങ്ങാൻ തീരുമാനിച്ചു എന്റെ ടീച്ചറെ തേടി ഉടുമ്പന്നൂരിലേക് .. ഉടുമ്പന്നൂർ എത്തി ടീച്ചറുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു.
അങ്ങനെ ടീച്ചറുടെ വീട് കണ്ടുപിടിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളായ
ഗണേഷിനെയും വിവേകിനെയും പുറത്തു നിറുത്തി ആൽവിൻ വീടിന്റെ ബെല്ല് അടിച്ചു . ആദ്യം വന്നത് ടീച്ചറുടെ മകൻ ആയിരുന്നു 18 വയസു തോന്നിക്കും . 
" ഓമന ടീച്ചർ ? "

" എന്റെ 'അമ്മ ആണ്, അകത്തേക്കു വരൂ "
എന്നെ ഉള്ളിലേക്കു ക്ഷണിച്ചു . 
ടീച്ചർ വന്നു .. പഴയ അതെ രൂപം തന്നെ .

" ആരാ മനസിലായില്ലലോ ? "

ടീച്ചറുടെ മുഖത്തും ഒരു ആകാംഷ ഉണ്ട് .

" പേര് ആൽവിൻ എന്നാണ് , എന്നെ ടീച്ചർ 4 ആം ക്ലാസ്സിൽ പഠിപ്പിച്ചട്ടുണ്ട് . അന്ന് സെൻസസ് നടക്കുന്ന സമയത്തു കുറെ ദിവസം ഞാൻ ആയിരുന്നു ടീച്ചർക്ക് കൂട്ട് വന്നത് "

" അഹ് ഓർകുന്നുണ്ട്  ഓർക്കുന്നുണ്ട് "

" പക്ഷെ ടീച്ചർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല 18 വർഷം മുമ്പുള്ള 8 വയസ്സിലെ കാര്യങ്ങൾ ഒക്കെ ഇപ്പോഴും ഓർമ ഉണ്ടോ ? ഇപ്പൊ എന്താ ചെയ്യുന്നേ , വീട് എങ്ങനെയാ കണ്ട് പിടിച്ചേ ? എന്നെ എങ്ങനെ ഓർമ്മ വന്നു ? ആരാ പറഞ്ഞേ ഞാൻ ഇവിടെ ആണെന്ന് ? എന്നിങ്ങനെ 100 കൂട്ടം ചോദ്യങ്ങൾ ഉണ്ടായിരുന്നു ടീച്ചർക്ക് !!!!
എല്ലാം വിശദമായി പറഞ്ഞു കൊടുത്തു .. ഞാൻ ഇപ്പൊ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. ഇവിടെ വരെ എത്താൻ ഉള്ള ഒരു കാരണം ടീച്ചർ ആണെന്ന് പറഞ്ഞപ്പോ ലോകത്തിൽ എങ്ങും കാണാത്ത ഒരു സന്തോഷം ടീച്ചറുടെ മുഖത്തു ഞാൻ കണ്ടു . 
ടീച്ചറുടെ അപ്പനും അമ്മയും ഭർത്താവും എല്ലാം വന്നു .. ഒരുപാട് വർഷങ്ങൾക്കു  ശേഷം തന്നെ കാണാൻ വന്ന തന്റെ കുഞ്ഞു വിദ്യാർത്ഥിയെ അവർക്കു കാണിച്ചു കൊടുക്കാൻ വലിയൊരു ആകാംഷ ആയിരുന്നു ! 
ഞാൻ ടീച്ചർക്ക് ആയിട്ടു കൊണ്ട് വന്ന സാരി തുറന്ന് ടീച്ചറുടെ കൈൽ കൊടുത്തു 
" ഇഷ്ടമാകുമോ എന്ന് അറിയില്ലാട്ടോ "

വീണ്ടും വീണ്ടും ടീച്ചറുടെ മുഖത്തു സന്തോഷത്തിന്റെ ഒരായിരം വാൾട്ട് കത്തി നിൽക്കുന്നത് കാണാമായിരുന്നു ..
" ദേ എന്റെ കൊച്ചു ഇത്ര വർഷത്തിന് ശേഷം എന്നെ കാണാൻ എനിക്ക് സമ്മാനം ആയിട്ട് വന്നേക്കുന്നു " ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു .. ഒരുപാട് സംസാരിച്ചു .. സമയം പോയതേ അറിഞ്ഞില്ല .

ഇറങ്ങാൻ സമയം ആയിരിക്കുന്നു, തന്നെ നോക്കി 2 ഫ്രണ്ട്‌സ് പുറത്തു നില്കുന്നുണ്ടന്ന്‌ അപ്പോഴാണ് ഓർത്തത് .. 
ഫുഡ് കഴിച്ചു പോകാം എന്ന് ഒരുപാട് നിർബന്ധിച്ചു .. ഇനിയും ഒരിക്കൽ വരാം എന്ന് വാക്ക് കൊടുത്തു .. ഇറങ്ങുന്നതിനു മുമ്പ് " ഞാൻ അധികം താമസിക്കാതെ ജോലി ആവശ്യം ആയിട്ട് ഗൾഫിലേക് പോകും എന്ന് പറഞ്ഞു , ടീച്ചറുടെ അനുഗ്രഹം വേണം "

2 കൈയും തലയിൽ വെച്ച് ടീച്ചർ പറഞ്ഞു

" ലോകത്തിൽ എവിടെ പോയാലും നന്നായി വരും കേട്ടോ എല്ലാ അനുഗ്രഹവും ഉണ്ട് മോന് "

നന്ദി . ഒരു ലോകം കീഴടക്കിയ സന്തോഷം . 
യാത്ര പറഞ്ഞു 
തിരികെ ബുള്ളറ്റ് എടുത്ത് തിരിച്ചു ഫ്രണ്ട്സന്റെ അടുത്തേക്ക് .. ഉടമ്പന്നൂരിൽ നിന്ന് അധികം ഇല്ല തൊമ്മൻകുത്തിലേക്ക് . നേരെ അങ്ങോട്ട് .. 
യാത്രയിൽ മുഴവനും എന്തോ ഒരു സന്തോഷത്തിന്റെ വലയം ചുറ്റിലും ഉണ്ടായിരുന്നു . ഇപ്പോഴും ഉണ്ട് .. നന്ദിയുടെ അനുഗ്രഹത്തിന്റെ , എന്റെ ടീച്ചറുടെ ..

നന്ദി എന്റെ ഓമന ടീച്ചറിന് .. 
എന്നെ ഞാൻ ആക്കി തീർത്തതിൽ ..

നന്ദി നന്ദി ......... ഇങ്ങനെയാണ് ആൽവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

#18_വർഷങ്ങൾക്_ശേഷം_എന്റെ_ടീച്ചറെ_കണ്ടെത്താൻ_ഒരു_യാത്ര.......#ഉടുമ്പന്നൂരിലേക്

ആൽവിനെ പോലെ നമ്മളിൽ പലർക്കും ഇത്തരത്തിൽ പ്രജോധനമായ നിരവധി അധ്യാപകർ ജീവിത വീഥിയിൽ ഉണ്ടാകും. ഓരോ പടവുകളും നമ്മളെ കൈപിടിച്ച് കയറ്റിയവർ. അവർക്ക് മുന്നിൽ ഈ അധ്യാപക ദിനത്തിൽ സ്നേഹപുഷ്പങ്ങൾ അർപ്പിക്കുന്നു.