Asianet News MalayalamAsianet News Malayalam

ഒരു ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞത്ത് പുലിമുട്ട് നിര്‍മ്മാണം പുനരാരംഭിച്ചു

ഓഖി ദുരന്തത്തോടെ നിർമാണം നിലച്ച പുലിമുട്ട് നിർമ്മാണമാണ് ഇന്നലെ കല്ല് എത്തിച്ചതോടെ വേഗത്തിലായത്.

After a break breakwater constraction started at vizhinjam port
Author
Vizhinjam, First Published Feb 23, 2019, 10:57 PM IST

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്ത് കരിങ്കല്ല് എത്തി. ഒരു ഇടവേളയ്ക്ക് ശേഷം പുലിമുട്ട് നിർമ്മാണം പുനരാരംഭിച്ചു. തൂത്തുക്കുടിയിൽ നിന്നും ബാർജ് മുഖാന്തിരം എത്തിച്ച 6000 ടൺ കരിങ്കല്ല് നിക്ഷേപിച്ചാണ് ഇന്നലെ ഉച്ചയോടെ നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. നാളെ 30,000 മെട്രിക് ടൺ കരിങ്കല്ലുമായി ഗുജറാത്തിലെ മുംദ്ര തുറമുഖത്തു നിന്ന് എം വി പ്രൊപ്പൽ പ്രോഗ്രസ് എന്ന ചരക്കു കപ്പൽ വിഴിഞ്ഞത്തടുക്കും. 

പിന്നാലെ തൂത്തുക്കുടിയിൽ നിന്നും കല്ല് എത്തിക്കും. ബോട്ടം ഓപ്പൺ ബാർജ് മുഖാന്തിരം കടലിൽ നിന്നുമാണ് നേരിട്ട് കല്ല് നിക്ഷേപിക്കുന്നത്. 20 മീറ്ററോളം ആഴത്തിൽ കല്ലുകൾ നിക്ഷേപിക്കും. കല്ല് നിഷേപത്തിനായി 'സീ പാര' എന്ന പ്ലേസ്‍മെന്‍റ് ബാർജ് നേരത്തെ എത്തിച്ചിരുന്നു. ജിപിഎസ് അടക്കമുളള ആധുനിക സംവിധാനം ഉപേയാഗിച്ചാണ് കല്ല് നിക്ഷേപം. 

ഇന്നലെ ടിയാൻ ജെൻ എന്ന ബാർജിൽ എത്തിച്ച കല്ല് ജെസിബിയുടെ സഹായത്തോടെയാണ് നിക്ഷേപിച്ചു തുടങ്ങിയത്. കടലിന്റെ അടിത്തട്ടിൽ 120 മീറ്റർ വീതിയിൽ 10 മുതൽ 500 കിലോഗ്രാം തൂക്കമുള്ള കല്ലുകളാണ് പ്രത്യേക രീതിയിൽ നിക്ഷേപിക്കുന്നത്. അടിത്തട്ടിൽ നിന്നും കടൽനിരപ്പിലേക്ക് എത്തുമ്പോൾ വീതി കുറഞ്ഞ് 10 മീറ്ററാകും. ഇതിനു വശങ്ങളിലായി അക്രോ പോഡുകൾ നിക്ഷേപിച്ച് പുലിമുട്ടിനെ തിരയിൽ നിന്നും സംരക്ഷിക്കും. 

ആകെ 3.1 മീറ്റർ നീളമുള്ള പുലിമുട്ട് 2 മീറ്റർ എത്തുമ്പോൾ ഇടതുവശത്തേക്ക് ചരിഞ്ഞാണ് പോകുന്നത്. പുലിമുട്ട്, ബെർത്ത് പൈൽ സംരക്ഷണം എന്നിവയ്ക്കായി 70 ലക്ഷം ടൺ കരിങ്കല്ല് വേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. പുലിമുട്ട് നിർമ്മാണം പുരോഗമിക്കുന്നതോടെ മറ്റ് ജോലികളും തുടരും. ഓഖി ദുരന്തത്തോടെ നിർമാണം നിലച്ച പുലിമുട്ട് നിർമ്മാണമാണ് ഇന്നലെ കല്ല് എത്തിച്ചതോടെ വേഗത്തിലായത്. ബാർജിൽ നിന്നും കല്ല് നിക്ഷേപിക്കുന്നത് കാണാനായി വിസിൽ എംഡി  ഡോ ജയകുമാർ, അദാനി പോർട്സ് ആന്റ് സീസ് സിഇഒ രാജേഷ് ഝാ, ഹോവേ സിഇഒ ഫാനികുമാർ, പ്രോജക്ട് ഡയറക്ടർ വിനയ് സിംഗാൾ എന്നിവർ എത്തിയിരുന്നു. പ്രവർത്തന പുരോഗതി വീക്ഷിക്കുന്നതിനായി തുറമുഖ വകുപ്പ് മന്ത്രി നാളെ വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലം സന്ദർശിച്ചേക്കുമെന്ന് അധികൃതർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios