ഇൻഡിഗോയോട് പിണക്കം തന്നെ! ഒന്നര വർഷ ശേഷം വിമാനത്തിൽ കണ്ണൂരിൽ പറന്നിറങ്ങി ഇപി, ഇത്തവണ എയർഇന്ത്യ എക്സപ്രസിൽ
കണ്ണൂരിലേക്ക് ശനിയാഴ്ച രാവിലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇ പി ജയരാജൻ വീണ്ടും വിമാന യാത്ര നടത്തിയത്

കണ്ണൂർ: തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിമാനത്തിൽ യാത്ര ചെയ്ത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂരിലേക്ക് ശനിയാഴ്ച രാവിലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇ പി ജയരാജൻ വീണ്ടും വിമാന യാത്ര നടത്തിയത്. ഇൻഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് പിന്നാലെ, കമ്പനി വിമാനം ബഹിഷ്കരരിച്ച് ട്രെയിനിലായിരുന്നു എൽഡിഎഫ് കൺവീനറുടെ യാത്രകൾ. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് തുടങ്ങിയതാണ് ജയരാജന് ആശ്വാസമായത്.
കഴിഞ്ഞ ജൂണ്‍ 13 നായിരുന്നു ഇ പി ജയരാജന്‍റെ യാത്രാ വിലക്കിനിടയാക്കിയ സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തതിന് പിന്നാലെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനും പ്രതിരോധത്തിനും പിന്നാലെ ആയിരുന്നു ഇന്‍ഡിഗോയുടെ നടപടി.
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അവരെ തള്ളി വീഴ്ത്തിയ ജയരാജനെതിരെയും കമ്പനി നടപടി എടുത്തിരുന്നു. ഇപിയെ മൂന്നാഴ്ചയും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രണ്ടാഴ്ചയും ഇൻഡിഗോ വിലക്കി. എന്നാൽ ഈ വിലക്ക് കഴിഞ്ഞിട്ടും ഇപി പിന്നീട് ഇൻഡിഗോയിൽ കയറിയിട്ടില്ല. ട്രെയിനിലായിരുന്നു പിന്നിടുള്ള ഇപിയുടെ കണ്ണൂർ- തിരുവനന്തപുരം യാത്ര.
Read more: കേറാൻ എല്ലാവരും ധൃതി കാട്ടും, 27 കിമി പോകാൻ വെറും ഏഴ് മിനിറ്റ്! ഇന്ത്യയിലും പറക്കും ടാക്സി!
നേരത്തെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ വിമാന സര്‍വീസ് നടത്തിയിരുന്നത് ഇൻഡിഗോ കമ്പനി മാത്രമായിരുന്നു. അതോടെ തലസ്ഥാനത്തേക്കും തിരിച്ചും എൽഡിഎഫ് കൺവീനറുടെ വിമാനയാത്ര മുടങ്ങി. അതിനി മാറുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് തുടങ്ങിയതാണ് ഇ പി ജയരാജന് ആശ്വാസമായത്. ഈ മാസം എട്ടുമുതലാണ് കണ്ണൂര്‍-തിരുവനന്തപുരം സെക്ടറില്‍ സർവീസ് തുടങ്ങിയത്.