പ്രണയത്തിൽ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു, ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു, 23കാരൻ അറസ്റ്റിൽ
പ്രതിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു

തിരുവനന്തപുരം: പ്രണയ ബന്ധം ഉപേക്ഷിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണുവിനെ (23) ആണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ പിന്തുടർന്ന് വർക്കല പുത്തൻചന്തയിൽ വെച്ചാണ് യുവാവ് ഉപദ്രവിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. ഈ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി.
വർക്കല എ എസ് പിയുടെ നിർദേശ പ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ സജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബാലു, പ്രേംകുമാർ, അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം