ക്രൂരമർദ്ദനത്തിനിരയായ ഹുസൈനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മർദ്ദനത്തിൽ ഹുസൈന്‍റെ മൂക്കിന്‍റെ പാലം തകര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിൽ. ആര്യങ്കോട് സ്റ്റേഷൻ പരിധിയിൽ പൂഴനാടാണ് സംഭവം. പൂഴനാട് സ്വദേശിയായ കടയാറവിള വീട്ടിൽ ഹുസൈനെയാണ് ഒരു സംഘം അക്രമികൾ അതിക്രൂരമായി മർദ്ദിച്ചത്.പൂഴനാട് കാർത്തിക ഭവനിൽ നവീൻ (20), കാവി കോണം ആഷിഫ് മൻസലിൽ ആഷിഫ് (22), ആമച്ചൽ സ്വദേശിയായ വിഷ്ണു ആർ എസ് നായർ എന്നിവരാണ് അറസ്റ്റിലായത്.

ആര്യങ്കോട് പൂഴനാട് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടുകൂടി ബൈക്കിൽ പോകുന്നതിനിടെ പ്രതികളിലൊരാൾ വഴിയിൽനിന്ന് കൈകാണിച്ചു ബൈക്കിൽ കയറുകയായിരുന്നുവെന്നാണ് ഹുസൈന്‍റെ മൊഴി. ഗ്രൗണ്ട് എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങിയ ഉടനെ ബൈക്കിന്‍റെ താക്കോൽ ഊരിയശേഷം തന്നെ കെട്ടിപ്പിടിച്ചതായും, തുടർന്ന് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന നാലഞ്ചു പേർ ചേർന്ന് അതി ക്രൂരമായി മർദ്ദിച്ചതായുമാണ് പരാതി.


ക്രൂരമർദ്ദനത്തിനിരയായ ഹുസൈനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മർദ്ദനത്തിൽ ഹുസൈന്‍റെ മൂക്കിന്‍റെ പാലം തകര്‍ന്നു. തലയിൽ പൊട്ടലും സംഭവിച്ചിട്ടുണ്ട്. തന്നെ കൊല്ലാൻ നോക്കിയതാണെന്നും ഭാഗ്യം കൊണ്ടാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടതെന്നാണ് ഹുസൈന്‍റെ മൊഴി. ഹുസൈൻ ആര്യങ്കോട് സ്റ്റേഷനിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ടു പേര്‍ അറസ്റ്റിൽ, സിബിഐ സംഘം പിടികൂടിയത് മുഖ്യഇടനിലക്കാരെ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates