വധു പരീക്ഷ എഴുതി തീരാൻ വരൻ കോളജിൽ കാത്തു നിന്നു. വിവാഹ വേഷത്തിലെത്തിയ പരീക്ഷാർത്ഥി അധ്യാപകർക്കും വിദ്യാർഥികൾക്കും കൗതുകമായി.
ആലപ്പുഴ: വധു പരീക്ഷ എഴുതി തീരാൻ വരൻ കോളജിൽ കാത്തു നിന്നു. വിവാഹ വേഷത്തിലെത്തിയ പരീക്ഷാർത്ഥി അധ്യാപകർക്കും വിദ്യാർഥികൾക്കും കൗതുകമായി. പുല്ലുകുളങ്ങര മഠത്തിൽ കിഴക്കതിൽ സുബൈറിന്‍റെയും നിസയുടെയും മകൾ രഹ്നയാണ് വിവാഹം കഴിഞ്ഞ ഉടൻ പരീക്ഷ എഴുതാൻ എംഎസ്എം കോളജിലെത്തിയത്.
അവസാന വർഷ ബിരുദ വിദ്യാർഥിയായ രഹ്നയുടെ പരീക്ഷ വിവാഹത്തിന് മുമ്പ് 12 ന് നടക്കേണ്ടതായിരുന്നു. എന്നാൽ മാറ്റി വെച്ച ഈ പരീക്ഷയുടെ തീയതി വിവാഹ ദിവസം തന്നെയായതാണ് രഹ്നയെ വലച്ചത്. ഇന്ന്11.30 ഓടെ കായംകുളം ദേശീയപാതയ്ക്കരികിലുള്ള ഓഡിറ്റോറിയത്തിലാണ് രഹ്നയുടേയും തഴവ കുതിരപ്പന്തി കുന്നേൽവടക്കതിൽ കരീംകുട്ടിയുടെ മകൻ റാഷിദിന്‍റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രഹ്ന ഭക്ഷണം കഴിച്ചെന്നുവരുത്തി വരനുമൊത്ത് അതിവേഗം പരീക്ഷാഹാളിലെത്തുകയായിരുന്നു.
