'കൃത്യത്തിന് ശേഷം പൊന്തക്കാട്ടിൽ ഒളിച്ചിരുന്നു'; പള്ളിക്കൽ കൊലപാതകത്തിലെ പ്രതി പിടിയിൽ
മുജീബിന്റെ ഭാര്യയുമായുള്ള ഷിഹാബുദ്ദീന്റെ അടുപ്പത്തെച്ചൊല്ലി തർക്കം നില നിന്നിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകമെന്നുമാണ് പള്ളിക്കൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് പിടിയിൽ. സംഭവ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്താണ് സംഭവം നടന്നത്.
ഷിഹാബുദ്ദീൻ എന്ന് പേരുള്ള 45 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം കുത്തിക്കൊലപ്പെടുത്തിയത്. മുജീബിന്റെ ഭാര്യയുമായുള്ള ഷിഹാബുദ്ദീന്റെ അടുപ്പത്തെച്ചൊല്ലി തർക്കം നില നിന്നിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകമെന്നുമാണ് പള്ളിക്കൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.
കൊല്ലം വെളിനല്ലൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ഷിഹാബുദ്ദീൻ. കത്തി കൊണ്ട് കുത്തിവീഴ്ത്തിയ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യത്തിന് ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.