ബൈക്കിനുള്ളിൽ ഒളിച്ച  മൂർഖനേയും കാത്ത് അഞ്ച് മണിക്കൂർ. വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയിൽ നിന്നിറങ്ങിയ  ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. 

ചാരുംമൂട്: ബൈക്കിനുള്ളിൽ ഒളിച്ച മൂർഖനേയും (Cobra) കാത്ത് അഞ്ച് മണിക്കൂർ. വാവ സുരേഷ് (Vava Suresh) എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ചാരുമൂട് ( Charummoodu ) ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ മുകേഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും യമഹ ബൈക്കുമാണുണ്ടായിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വൈകിട്ട് മൂന്നരയോടെ മകൻ അഖിൽ ജിമ്മിൽ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോളാണ് തറയിൽ കിടന്നിരുന്ന പാമ്പ് പത്തിവിടർത്തി കൊത്താനാഞ്ഞത്. വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയാണ് കടിയേൽക്കാതെ അഖിൽ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറ് മൂടിയിരുന്ന ബൈക്കിലേക്ക് കയറി.

വീട്ടുകാരും, വിവരം അറിഞ്ഞെത്തിയ അയൽവാസികളും പാമ്പിന് കാവലായി. ഇതിനിടെ വാവ സുരേഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. ഉടനെത്താമെന്ന് സുരേഷ് അറിയിച്ചു. വാവാ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാര്യം തടിച്ചുകൂടി. മൂന്നരയ്ക്ക് തുടങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. 

ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയിൽ ചുറ്റി കിടന്ന പാമ്പിനെ നിമിഷങ്ങൾക്കുള്ളിൽ തന്നെ സുരേഷ് പിടികൂടി. വീട്ടുകാർ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂർഖനാണെന്നും ആശുപത്രി വിട്ട ശേഷം പുറത്തുപോയി ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവാ സുരേഷിന് നാട്ടുകാർ സ്വീകരണവും നൽകി.

അമ്മപ്പുലി വന്നില്ല, അതിജീവിക്കാൻ കുഞ്ഞിനുമായില്ല, ഉമ്മിനിയിലെ പുലിക്കുഞ്ഞ് ചത്തു

പാലക്കാട്: ഉമ്മിനിയിൽ തള്ള പുലി (Leopard ) ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി (Leopard Cub). ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണുത്തി വെറ്റിനറി കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.

അകത്തേത്തറ ഉമ്മിനിയിൽ ജനുവരിയിലാണ് ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിലായിരുന്നു തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ കുരക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീട് പരിശോധിച്ചത്. ആൾ പെരുമാറ്റം കേട്ട തള്ള പുലി, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പിൻഭാഗത്തുകൂടി ഓടി മറഞ്ഞു. കുഞ്ഞുങ്ങളെ സംരക്ഷിച്ച വനം വകുപ്പ് തള്ളപ്പുലിക്ക് വേണ്ടി കാത്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം തിരികെയെത്തിയ തള്ളപ്പുലി ഒരു കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു. വീണ്ടും തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുലി വന്നില്ല. ഇതോടെ അവശനിലയിലായ പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.