വിമാനം പോലെ മുകളില്‍ നിന്നും കീടനാശിനി തളിക്കാന്‍ സഹായിക്കുന്ന സംവിധാനം, ഏറോനോട്ടിക് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ പട്ടണക്കാട് സ്വദേശി സി ദേവനാണ് രൂപകല്‍പ്പന ചെയ്തത്.  

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ തുടരുന്ന വൈഗ കൃഷി ഉന്നതി മേളയില്‍ കീടങ്ങളെ തുരത്താന്‍ സഹായിക്കുന്ന അഗ്രോ ഡോൺ വിമാനം ശ്രദ്ധയാകർഷിക്കുന്നു. വിമാനം പോലെ മുകളില്‍ നിന്നും കീടനാശിനി തളിക്കാന്‍ സഹായിക്കുന്ന സംവിധാനം, ഏറോനോട്ടിക് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ പട്ടണക്കാട് സ്വദേശി സി ദേവനാണ് രൂപകല്‍പ്പന ചെയ്തത്.

തെങ്ങുകളിലും മറ്റ് ഉയരമുള്ള ഇടങ്ങളിലെ കൃഷിയിടങ്ങളിലും കീടങ്ങളെ കണ്ടെത്തുന്നതിനും കീടനാശിനി ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഈ സംവിധാനം സഹായകമാണ്. ആറു ഭാഗങ്ങളിലേക്ക് ചിറക് പോലെ ഉയര്‍ന്നു നില്‍ക്കുന്ന സ്പ്രിങ്‌ലര്‍, പ്രൊപ്പല്ലര്‍, ഫ്‌ലൈറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയാണ് അഗ്രോ ഡ്രോണിന്റെ പ്രധാന ഭാഗങ്ങള്‍. റിമോട്ട് കണ്ട്രോള്‍ രീതിയിലാണ് പ്രവര്‍ത്തനം. 

ഒരു കിലോമീറ്റര്‍ സ്ഥല പരിധിയില്‍ അരമണിക്കൂര്‍ സമയം കൊണ്ട് അഞ്ചു ലിറ്റര്‍ കീടനാശിനി കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. 1. 25 ലക്ഷം രൂപയാണ് ചിലവ്. വ്യാവസായിക രീതിയില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ ചിലവ് കുറക്കാന്‍ സാധിക്കുമെന്ന് ദേവന്‍ പറയുന്നു. ഫോര്‍ കെ എച്ച് ഡി ക്യാമറ ഉള്ളത് കൊണ്ട് കൃഷിയുടെ വളര്‍ച്ച നേരിട്ടറിയാനും അഗ്രോ ഡോണ്‍ കര്‍ഷകര്‍ക്ക് വഴിയൊരുക്കുന്നു. 

പൈലറ്റില്ലാതെ എങ്ങനെ വിമാനം പറത്താം എന്ന ചിന്തയാണ് ദേവനെ അഗ്രോ ഡോണിലേക്കെത്തിച്ചത്. അധ്യാപകരായ അരുണ്‍ കുമാര്‍, ഗോകുല്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. നൂതന കാര്‍ഷിക മുന്നേറ്റത്തിന്റെ നേട്ടമായാണ് അഗ്രോ ഡോണിനെ കര്‍ഷകരും കാഴ്ചക്കാരും വിശേഷിപ്പിക്കുന്നത്.