ബാലുശ്ശേരി വട്ടോളി ബസാറിലുള്ള എഐ കാമറ മിനിലോറി ഇടിച്ച് പൂര്‍ണമായും തകര്‍ന്നു. 

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ബാലുശ്ശേരി വട്ടോളി ബസാറിലുള്ള എഐ കാമറ മിനിലോറി ഇടിച്ച് പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം വിട്ടെത്തിയ ലോറി എഐ കാമറ സ്ഥാപിച്ച തൂണിലും ഇതിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിലും ഇടിച്ച ശേഷമാണ് നിന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അപകടം നടന്നത്. ബാലുശ്ശേരിയില്‍ നിന്നും താമരശ്ശേരി ഭാഗത്തേക്ക് വന്ന മാര്‍ബിള്‍ കമ്പനിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ എഐ കാമറ സ്ഥാപിച്ച തൂണ്‍ പുര്‍ണമായും ഇളകി നിലത്ത് പതിച്ച നിലയിലാണ്. 

ബസിന്റെ പിന്‍ഭാഗവും ലോറിയുടെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. അപകടങ്ങള്‍ തുടര്‍ക്കഥയായ റോഡില്‍ സ്ഥാപിച്ചിരുന്ന കാമറയാണ് തകര്‍ന്നത്. ഇതിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള കരുമല വളവില്‍ മിക്ക ദിവസങ്ങളിലും അപകടം പതിവാണ്. കാമറ നിലം പൊത്തിയതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ പഴയപടി തന്നെയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം