കൊച്ചി: രവിപുരത്ത് അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നടപടി. മേയറുടെ പരാതിയെ തുടർന്ന് റോഡ് പൊളിക്കാനെത്തിയ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുൻപും സമാന സംഭവമുണ്ടായിട്ടും പൊലീസ് തക്കതായ നടപടിയെടുത്തില്ലെന്ന് മേയർ സൗമിനി ജെയിൻ ആരോപിച്ചു. റോഡ് കുത്തിപ്പൊളിച്ച എയർടെൽ കമ്പനിക്കെതിരെ നിയമനടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ടാറിംഗ് നടത്തുന്നതിനായി മെറ്റലിംഗ് അടക്കമുള്ള പണികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയ രവിപുരം തേവര ഭാഗത്തെ റോഡാണ് ടെലികോം കമ്പനിയായ എയർടെൽ വെട്ടിപ്പൊളിച്ചത്. കൊച്ചി കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങാതെയാണ് കേബിൾ വയർ സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചത്. റോഡ് കുത്തിപൊളിച്ചപ്പോൾ കുടിവെള്ളപൈപ്പും പൊട്ടി. ഇതോടെ നാട്ടുകാർ ഇടപെട്ടു. പിന്നാലെ പൊലീസും മേയറും സ്ഥലത്തെത്തി റോഡ് പൊളിക്കുന്നത് തടഞ്ഞു. സ്ഥലത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കോർപ്പറേഷനെതിരെയുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും മേയർ സൗമിനി ജെയിൻ പറഞ്ഞു.മുൻപ് പല തവണ എയർടെൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾ അനുമതിയില്ലാതെ റോഡ് പൊളിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. അനധികൃതമായി റോഡ് കുത്തിപ്പൊളിച്ചതിനെതിരെ കോർപ്പറേഷനും ജല അതോറിറ്റിയും പൊലീസ് പരാതി നൽകുമെന്നും അധികൃതർ അറിയിച്ചു.