കിടപ്പുരോഗിയുടെ മസ്റ്ററിംഗ് നടത്താൻ പോയ അക്ഷയ ജീവനക്കാരിയെ നായ കടിച്ചു
മാവേലിക്കര: കിടപ്പുരോഗിയുടെ മസ്റ്ററിംഗ് നടത്താൻ പോയ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയെ നായ കടിച്ചു. തട്ടാരമ്പലത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി കരിപ്പുഴ സ്വദേശിനി അപർണയുടെ ഇടതു കാൽപ്പാദത്തിലാണു സ്കൂട്ടറിനു പിന്നാലെ ഓടിയെത്തിയ നായ കടിച്ചത്. ഇന്ന് വൈകിട്ടു നാലിനു വഴുവാടി പൊറ്റമേൽകടവിനു സമീപമായിരുന്നു സംഭവം. മസ്റ്ററിംഗ് നടത്തുന്നതിനായി പ്രദേശവാസിയായ സ്മിത ഓമനക്കുട്ടനൊപ്പം സ്കൂട്ടറിൽ പോകവെയാണ് സംഭവം.
അതേസമയം, സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പെരിങ്ങര വൃന്ദാവനത്തിൽ സഞ്ജീവിന്റെ മകൾ കൃഷ്ണ പ്രിയക്കാണ് നായയുടെ കടിയേറ്റത്. വൈകിട്ട് അഞ്ച് മണിയോടെ പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന കൃഷ്ണപ്രിയയെ പിന്നിലൂടെ പാഞ്ഞു വന്ന നായ കാലിൽ കടിക്കുകയായിരുന്നു. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
