നൂറ് ദിവസത്തോളമായി ആലപ്പുഴ ബീച്ച് ഒഴിഞ്ഞ് കിടക്കുകയാണ്. ആളുകളെത്തുമ്പോഴേക്കായുള്ള ഒരുക്കങ്ങൾ നടക്കുകയാണ് ഇപ്പോളിവിടെ. 

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് അടച്ച ആലപ്പുഴയിലെ ബീച്ചുകൾ ഉടൻ തുറക്കില്ല. തൽക്കാലം ആലപ്പുഴ ജില്ലയിലെ ബീച്ചുകൾ തുറക്കേണ്ടെന്നാണ തീരുമാനമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. സംസ്ഥാനത്ത് ബീച്ചുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് സർക്കാർ ഇളവുകൾ നൽകിയിരുന്നു. എന്നാൽ ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി പേർ ആലപ്പുഴയിലെ ബീച്ചുകളിൽ എത്തുന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ മതിയായ സൌകര്യം ഒരുക്കിയതിന് ശേഷം തീരുമാനം എടുക്കാമെന്നും കളക്ടർ പറഞ്ഞു. 

നൂറ് ദിവസത്തോളമായി ആലപ്പുഴ ബീച്ച് ഒഴിഞ്ഞ് കിടക്കുകയാണ്. ആളുകളെത്തുമ്പോഴേക്കായുള്ള ഒരുക്കങ്ങൾ നടക്കുകയാണ് ഇപ്പോളിവിടെ. വിജയ് പാർക്കിൽ ശുചീകരണം പൂർത്തിയാക്കി. പെഡൽ ബോട്ടുകൾ പ്രവർത്തനക്ഷമമാക്കി. വഞ്ചിവീടും പ്രവർത്തന സജ്ജമായി. 72 മണിക്കൂറിനുള്ളൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർട്ടിഫിക്കറ്റ് കയ്യിലുള്ളവർക്കും ഒരു ഡോസ് കൊവിഡ് വാക്സിൻ എടുക്കുകയോ ചെയ്തവർക്കും ഇതുസംബന്ധിച്ച രേഖ ഉണ്ടെങ്കിൽ വഞ്ചിവീടിൽ യാത്ര ചെയ്യാം. ജീവനക്കാർക്കും ഇത് ബാധകമാണ്.