Asianet News MalayalamAsianet News Malayalam

പ്രളയം ദുരിതം പേറുന്ന കായൽ ടൂറിസം; കരകയറാന്‍ ഇനിയെന്ത് ചെയ്യും

പ്രളയത്തില്‍ തകര്‍ന്ന ഈ മേഖലയെ സംരക്ഷിക്കാന്‍ ടൂറിസം വകുപ്പ് പ്രത്യേക പാക്കേജ് നടപ്പിലാക്കിയെങ്കിലും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.   പലരും മുടക്കിയ പണം പോലും ലഭിക്കാതെ കടക്കെണിയിലുമാണ്. ടൂറിസത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി. ജില്ലയിലെ ഹോട്ടല്‍ ബിസിനസ് രംഗം ഓഗസ്റ്റ് മാസം മുതല്‍ പാടെ തകര്‍ന്ന നിലയിലാണ്. ഹോട്ടലുകളില്‍ തിരക്കുകള്‍ കുറഞ്ഞതോടെ ഗണ്യമായ വരുമാനവും ഇടിഞ്ഞു

alappuzha houseboat tourism in trouble
Author
Alappuzha, First Published Nov 19, 2018, 5:44 PM IST

ആലപ്പുഴ: വള്ളംകളിയും ദീപാവലിയും കഴിഞ്ഞെങ്കിലും പ്രളയം തീര്‍ത്ത കനത്ത ആഘാതത്തില്‍നിന്ന് ജില്ലയിലെ കായൽടൂറിസം മേഖലയ്ക്ക് കരകയറുവാന്‍ സാധിച്ചിട്ടില്ല. പ്രളയത്തെതുടര്‍ന്ന് നടുവ് ഒടിഞ്ഞ ടൂറിസം മേഖല പഴയതുപോലെ സജീവമാകുവാനാണ് ഏറെ പ്രതിസന്ധികള്‍ക്കിടയിലും നെഹ്രുട്രോഫി വള്ളംകളി ഇത്തവണ സംഘടിപ്പിച്ചത്. ഹൗസ് ബോട്ട് രംഗത്തെ തകര്‍ച്ചയ്ക്ക് പരിഹാരം കാണുവാന്‍ ജില്ലാ ഭരണകൂടത്തിന്റേയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ ഹൗസ്‌ബോട്ട് റാലിയും സംഘടിപ്പിച്ചിരുന്നു.

ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഹൗസ്‌ബോട്ട് റാലിയില്‍ 220 ഹൗസ്‌ബോട്ടുകളും 100 ശിക്കാരവള്ളങ്ങളും പങ്കെടുത്തിരുന്നു. എന്നിട്ടും കായലോര ടൂറിസം മേഖലയ്ക്ക് ഇതുവരെ ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ സാധിച്ചിട്ടില്ല. പ്രളയത്തിന് ശേഷം  സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ മേഖല ചെറിയ ഉണര്‍വ്വ് പ്രകടിപ്പിച്ചെങ്കിലും കാര്യമായ വരുമാനം ലഭിച്ചില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ബുക്കിംഗുകള്‍ കുറഞ്ഞതോടെ ടൂറിസം വകുപ്പിന് വലിയ നഷ്ടമാണ് ഉണ്ടായത്. കൂടാതെ ഡി ടി പി സിയുടെ കീഴിലുള്ള പല സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

അവ പഴയപോലെയാക്കുവാന്‍ വലിയ തുക തന്നെ ചിലവഴിക്കേണ്ടി വന്നു. ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന 1500 ഓളം ഹൗസ്‌ബോട്ടുകളാണ് ഉള്ളത്. എന്നാല്‍ പതിവിന് വിപരീതമായി ഹൗസ്‌ബോട്ടുകളും നൗകകളും ഇവിടെ വിശ്രമത്തിലാണ്. സാധാരണ ദീപാവലി കഴിയുമ്പോള്‍ വിനോദസഞ്ചാരികളുടെ തിരക്ക് അമിതമായിരുന്നു. ഇത്തവണ പ്രളയത്തെ തുടര്‍ന്ന് വലിയ വെല്ലുവിളി തന്നെയാണ് ടൂറിസത്തിന് മുകളിലായി നില്‍ക്കുന്നതെന്ന് കുട്ടനാട് ടൂറിസം ഓപ്പറേഷന്‍  മാനേജര്‍ ഡാനിയല്‍ പറഞ്ഞു.  അതെല്ലാം തരണം ചെയ്യണമെങ്കില്‍ ബുക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ തിരികെ വരണം.

പ്രളയത്തില്‍ തകര്‍ന്ന ഈ മേഖലയെ സംരക്ഷിക്കാന്‍ ടൂറിസം വകുപ്പ് പ്രത്യേക പാക്കേജ് നടപ്പിലാക്കിയെങ്കിലും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല.   പലരും മുടക്കിയ പണം പോലും ലഭിക്കാതെ കടക്കെണിയിലുമാണ്. ടൂറിസത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി. ജില്ലയിലെ ഹോട്ടല്‍ ബിസിനസ് രംഗം ഓഗസ്റ്റ് മാസം മുതല്‍ പാടെ തകര്‍ന്ന നിലയിലാണ്. ഹോട്ടലുകളില്‍ തിരക്കുകള്‍ കുറഞ്ഞതോടെ ഗണ്യമായ വരുമാനവും ഇടിഞ്ഞു.

ഏകദേശം 95 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതായാണ് സൂചനകള്‍. പ്രളയത്തോടെ ടൂറിസം മേഖലയ്ക്കുണ്ടായ കനത്ത നഷ്ടത്തെതുടര്‍ന്ന് തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാണ്.ജൂണ്‍മാസത്തില്‍ സംസ്ഥാനത്ത് നിപ്പ റിപ്പോര്‍ട്ട് ചെയ്തതും കുട്ടനാട്ടില്‍ ജൂലൈ മാസത്തിലെ  പ്രളയവും പിന്നീട് ഓഗസ്റ്റിലെ മഹാപ്രളയവും കൂടിയായപ്പോള്‍ ടൂറിസത്തിന് ഇതുവരെയില്ലാത്ത പ്രതിസന്ധിയാണെന്ന് പുന്നമടയിലെ റിസോര്‍ട്ട് ജീവനക്കാരന്‍ സുരേഷ് പറഞ്ഞു.

വിദേശികളും വടക്കേന്ത്യക്കാരുമടക്കം ആയിരകണക്കിന് വിനോദസഞ്ചാരികള്‍ എത്തേണ്ട സമയമാണ്. എന്നാല്‍ സീസണ്‍ ഒന്നാകെ വെള്ളമെടുത്ത അവസ്ഥയാണിപ്പോഴുള്ളത്. വരുമാനനഷ്ടത്തിന് പുറമേ ബോട്ടുകള്‍ വെറുതേ കിടന്ന് എഞ്ചിനുകള്‍ തകരാറിലുമായി. അവയുടെ അറ്റകുറ്റപണികള്‍ക്കും വന്‍തുകകളാണ് മുടക്കേണ്ടി വരുന്നത്. ഇനിയും എല്ലാം വീണ്ടെടുക്കുവാന്‍ സമയം വേണ്ടിവരുമെന്നും ഡിസംബര്‍ മാസമാകുമ്പോഴെങ്കിലും ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ജില്ലയിലെ ടൂറിസം മേഖല.

Follow Us:
Download App:
  • android
  • ios