ആലപ്പുഴ: കൊവിഡ് പ്രതിരോധമെന്ന പേരില്‍ ശനിയാഴ്ച നഗരത്തിലെ മുഴുവന്‍ വീടുകളിലും ധൂമ സന്ധ്യ സംഘടിപ്പിക്കുവാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം വിവാദത്തില്‍. നഗരസഭയുടെ തീരുമാനത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി  രംഗത്തെത്തി. നഗരസഭയുടെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണന്ന് പരിഷത്ത് അറിയിച്ചു. സോഷ്യല്‍മീഡിയയിലും പ്രതിഷേധമുയര്‍ന്നു.

ആയുര്‍വേദ വിധിപ്രകാരമുള്ള അപരാജിത ചൂര്‍ണം പുകച്ചാല്‍ എല്ലാത്തരം വൈറസുകളും ബാക്ടീരിയകളും ഇല്ലാതാകുമെന്നും വായുവിലൂടെ പകരുന്ന പകര്‍ച്ചവ്യാധികള്‍ ഇല്ലാതാകുമെന്നുമാണ് നഗരസഭയുടെ നോട്ടീസില്‍ പറയുന്നത്. കൊവിഡ് പ്രതിരോധത്തിനായി ഹോമിയോ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അബദ്ധവും അശാസ്ത്രീയവും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നു. 

ഇത്തരം മാര്‍ഗങ്ങളിലൂടെ കൊവിഡിനെ ചെറുക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി. 

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട കാലമാണിത്. അതിനിടെ  അപരാജിത ചൂര്‍ണം പുകച്ചും ഹോമിയോ ഗുളിക ഉപയോഗിച്ചും പ്രതിരോധിക്കാം എന്ന് ഒരു നഗരസഭ തന്നെ പ്രചരിപ്പിക്കുകയാണ്. ഇത് പാലിക്കുന്ന ജനത്തിന് അതിലൂടെ തങ്ങള്‍ക്ക് പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയിലെത്തും. നാട് ഗുരുതരമായ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭത്തില്‍ തികച്ചും നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ സംസ്ഥാന സര്‍ക്കാര്‍ തിരുത്തണണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത്  ഭാരവാഹികള്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona