ആലപ്പുഴ: തൈക്കലില്‍ മണ്ണിനടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള പായ്ക്കപ്പല്‍ കണ്ടെത്തിയ സ്ഥലം ഇന്നും അനാഥമായി കാടുകയറിയ നിലയില്‍. മണ്ണിലുറച്ച പായ്ക്കപ്പലിനെ നോക്കിയിരുക്കാനല്ലാതെ പുരാവസ്തു വകുപ്പിന് ഒന്നും സാധിക്കുന്നില്ല. ആലപ്പുഴ ജില്ലയില്‍ പുരാവസ്തുവിന്റേതെന്ന് പറഞ്ഞ് അവകാശപ്പെടുവാന്‍ ഒന്നും തന്നെയില്ല. ആകെയുള്ളത് തകഴിയുടെ വീടും കായംകുളം കൃഷ്ണപുരംകൊട്ടാരവും മാത്രമാണ്. ഇരയിമ്മന്‍ തമ്പിയുടെ ജന്മ ഗൃഹവും അവകാശ തര്‍ക്കം മൂലം ഏറ്റെടുക്കുവാന്‍ പുരാവസ്തു വകുപ്പിന് സാധിച്ചില്ല.  

വിദേശത്ത് നിന്ന് സ്വദേശത്ത് നിന്നും പുരാവസ്തു വിദഗ്ധര്‍ പല രീതിയില്‍ തൈക്കലില്‍ എത്തി പായ്ക്കപ്പലില്‍ പരിശോനകള്‍ നടത്തിയെങ്കിലും 1010 വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെതെല്ലാതെ മറ്റൊരു പുരോഗതിയും നാളിത് വരെയായിട്ടും ഉണ്ടായില്ല. തൈക്കല്‍ കടപ്പുറത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ കിഴക്ക് കടക്കരപ്പള്ളി വില്ലേജ് 222/22ആ സര്‍വ്വേ നമ്പറില്‍ പെട്ട സ്ഥലമായ  അരങ്ങംപറമ്പ് തോട് 1994 ല്‍ വൃത്തിയാക്കുന്നതിനിടെ തൂമ്പ  മരത്തടിയില്‍ തട്ടുകയും കൂടുതല്‍ കുഴിച്ചപ്പോള്‍ പായ്ക്കപ്പല്‍ കണ്ടെത്തുകയും ചെയ്തു. 

തുടര്‍ന്ന് സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുളള പുരാവസ്തു വകുപ്പ് അധികൃതര്‍ എത്തി പരിശോധനകള്‍ നടത്തിയെങ്കിലും മണ്ണിനടിയിലുള്ള പായ്ക്കപ്പല്‍ അതേപടി പുറത്തേയ്ക്ക് എടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. 1998 കപ്പല്‍ കണ്ടെത്തിയ 1.10 സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു കോടികളുടെ ബൃഹത് പദ്ധതിയ്ക്ക് രൂപം നല്‍കി. എന്നാല്‍ പ്രധാന റോഡില്‍ നിന്നും 20 മീറ്റര്‍ അകലെയുള്ള കപ്പല്‍ കണ്ടെത്തിയ സ്ഥലത്തേയ്ക്ക്  പോകുവാനുള്ള വഴിയില്ലാത്തതോടെ പദ്ധതി പ്രതിസന്ധിയിലായി.റോഡില്‍ നിന്നുള്ള വഴിയ്ക്കാവശ്യമായ  സ്ഥലത്തിന് പണം നല്‍കാന്‍ പുരാവസ്തു വകുപ്പ് തയ്യാറാണെങ്കിലും ഉടമകള്‍ വില്‍ക്കുവാന്‍ സമ്മതിക്കുന്നില്ല. 

പായ്ക്കപ്പല്‍ ഖനനം ചെയ്ത് എടുക്കുന്നതിന് ആദ്യ ഘട്ടത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും പിന്നീട് നിലവിലുള്ള അവസ്ഥയില്‍ സംരക്ഷിക്കുന്നതാണ് ഉചിതമെന്നു വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയമാക്കി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. കപ്പലിനുള്ളില്‍ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം തൃപ്പൂണിത്തറ ഹില്‍ പാലസില്‍ സൂക്ഷിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളക്കെട്ടുള്ള ഈ സ്ഥലത്ത് കപ്പല്‍ കിടന്നതിന് ചുറ്റുമായി വേലി കെട്ടി തിരിക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്തത്.

ഇതിന്റെ സംരക്ഷണത്തിനായി ഒരു സെക്യുരിറ്റിയെയും നിയമിച്ചിട്ടുണ്ട്. കൊച്ചി തുറമുഖം വരുന്നതിന് മുമ്പ് കേരളത്തിലെ തുറമുഖങ്ങളില്‍ ഒന്നായിരുന്നു തൈക്കല്‍ തുറമുഖം.1832 ല്‍ സ്റ്റാബാലിനി മെത്രാപൊലീത്ത തൈക്കല്‍ തുറമുഖത്ത് നിന്ന് പായ്ക്കപ്പലില്‍ റോമില്‍ പോയതായി  ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ ഡയറികുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൈക്കല്‍ കണ്ടെത്തിയ പായ്ക്കപ്പിലിന് ഈ സംഭവുമായി ബന്ധമുള്ളതായും പഴമക്കാര്‍ പറയുന്നുണ്ട്.മണ്ണിനടിയില്‍ കിടക്കുമ്പോള്‍ തടികള്‍ പൂര്‍ണ്ണമായും നശിക്കാതെ കിടക്കുമെന്നും, പുറത്തേയ്ക്ക് എടുത്താല്‍  തടികള്‍പെട്ടെന്ന് നശിച്ച് പോകുമെന്നും എങ്ങനെ വേണമെന്ന്  വിദഗ്ധരുടെ അഭിപ്രായം നേടുമെന്ന് പുരാവസ്തു ഡയറക്ടര്‍ ഇ. ദിനേശന്‍ പറയുന്നു.