അടിയേറ്റ് അബോധാവസ്ഥയിലായ ഭാര്യാ മാതാവ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹരിപ്പാട്: മദ്യലഹരിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും ഗൃഹനാഥന്‍ വിറക് കഷണം കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. അടിയേറ്റ് അബോധാവസ്ഥയിലായ ഭാര്യാ മാതാവ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൃക്കുന്നപ്പുഴ പല്ലന തോപ്പ്മുക്ക് ശങ്കരമംഗലത്ത് സരസ്സമ്മ (57), മക്കളായ അനിത (38), സഹോദരി സുനിത (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെ നടന്ന സംഭവത്തില്‍ സരസ്സമ്മയുടെ മകള്‍ അനിതയുടെ ഭര്‍ത്താവ് സുരേഷിനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഇയാളെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മദ്യലഹരിയിലായിരുന്ന സുരേഷ് അയല്‍ വീട്ടില്‍ കയറി വഴക്കുണ്ടാക്കുന്നതറിഞ്ഞ സരസ്സമ്മയും പെണ്‍മക്കളും ചേര്‍ന്ന് സുരേഷിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നതില്‍ പ്രകോപിതനായ ഇയാള്‍ സമീപത്ത് കിടന്നിരുന്ന വിറക് കഷണമെടുത്ത് സരസ്സമ്മയുടെയും അനിതയുടേയും തലയ്ക്കടിക്കുകയായിരുന്നു. അനിതയുടെ തലയില്‍ 20 തുന്നലുണ്ട്. അമ്മയേയും സഹോദരിയേയും അടിക്കുന്നത് തടയുന്നതിനിടെയാണ് സുനിതക്കും പരിക്കേറ്റത്.