ആരാധനലയങ്ങളില്‍ പൂജയ്ക്കുശേഷം വരുന്ന പൂക്കള്‍ ശേഖരിച്ചും ചന്ദനത്തിരിയുള്‍പ്പെടെയുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുവാന്‍ കഴിയും.
തൃശൂർ: ആനപിണ്ടത്തിൽ നിന്ന് അഗർബത്തീസ് എന്ന സ്ഥാപനം നടത്തുന്ന ജോയ് താക്കോൽക്കാരൻ എന്ന സംരംഭകന്റെ പ്രചോദനാത്മകമായ കഥ പറയുന്ന സിനിമയായ പുണ്യാളൻ അഗർബത്തീസ് പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയാണ്. സമാനമായി കുന്നംകുളത്തും ഒരു സംരംഭം തുടങ്ങുകയാണ്. എന്നാൽ ആനപ്പിണ്ടമല്ല മറിച്ച് പൂക്കളാണ് ഇവിടെ ചന്ദനത്തിരികൾ ആകുന്നത്. വാടിയ പൂവും ചൂടിയ പൂവും ഇനി മുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയിലിറക്കാം. ചെണ്ടുമല്ലി പൂക്കള്‍ ഇനി ചന്ദനത്തിരികളാക്കി വില്‍ക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ ധാരാളം ചെണ്ടുമല്ലി ഉള്‍പ്പടെയുള്ള പൂക്കള്‍ കര്‍ഷകര്‍ കൃഷി ചെയ്തു വരുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് സീസണുകളില്‍ കൂടുതല്‍ വില ലഭിക്കുകയും അല്ലാത്ത സമയങ്ങളില്‍ വിലക്കുറവാണ് ലഭിക്കാറുള്ളത്.
ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുന്നംകുളം കൃഷിഭവന്‍ അധികമായി വരുന്ന പൂക്കള്‍ ഉപയോഗിച്ച് പൂകര്‍ഷകര്‍ക്ക് ചന്ദനത്തിരി ഉണ്ടാക്കുന്നതിനു പരിശീലനം നല്‍കിയത്. ആരാധനലയങ്ങളില്‍ പൂജയ്ക്കുശേഷം വരുന്ന പൂക്കള്‍ ശേഖരിച്ചും ചന്ദനത്തിരിയുള്‍പ്പെടെയുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുവാന്‍ കഴിയും. കൂടാതെ നാട്ടിലെ പൂക്കളായ ചെമ്പരത്തി, ശംഖു പുഷ്പം എന്നിവ ഉപയോഗിച്ച് സ്‌ക്വാഷ്, ജെല്ലി എന്നിവയും റോസില്‍നിന്ന് റോസ് വാട്ടര്‍ എന്നിവ നിര്‍മ്മിക്കുന്നതിനും പരിശീലനം നൽകി. താമരപുവ്, തെച്ചി പൂക്കള്‍ തുടങ്ങിയ പൂക്കളില്‍ നിന്നും വിവിധ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ക്ലാസും കുന്നംകുളം കൃഷിഭവന്‍ നല്‍കി.
മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാ ശാലയിലെ അസി. പ്രൊഫസര്‍ എ.എം. സിമ്മിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. കുന്നംകുളം കൃഷി ഓഫീസര്‍ എസ്. ജയന്‍ പദ്ധതി വിശദീകരിച്ചു. ആത്മ സ്റ്റാഫ് ശ്രീദേവി, അക്ഷര പ്രിയ, ജിഷ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മടങ്ങിയത്.


