'മുഴുവൻ നെഗറ്റീവ് എനർജി'; തൃശൂരിലെ സർക്കാർ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രത്യേക പ്രാർത്ഥന, അന്വേഷണം
സംഭവം അന്വേഷിക്കാൻ സബ് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നതായി പരാതി ഉയർന്നത്.
ചിത്രം പ്രതീകാത്മകം

തൃശൂർ: തൃശൂരിലെ സർക്കാർ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. സംഭവം അന്വേഷിക്കാൻ സബ് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നതായി പരാതി ഉയർന്നത്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടന്നു എന്നായിരുന്നു പരാതി.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇതിന് നേതൃത്വം നൽകിയത്. ആഴ്ചകൾക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാർത്ഥന നടന്നത്. പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജീവനക്കാരോട് നിർദേശിച്ചിരുന്നു. ഓഫീസിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്കും പ്രാർഥനയി പങ്കെടുക്കേണ്ടി വന്നു. ഓഫീസർ ഒഴികെയുള്ള ജീവനക്കാർ കരാർ തൊഴിലാളികളായതിനാൽ നിർദേശം മറികടക്കാനായില്ല.
Read more: കയ്യേറ്റം ഭയന്ന് മരണത്തിലേക്ക് ഓടിക്കയറിയ ബസ് ഡ്രൈവർ, നടുക്കം മാറാതെ നാട്ടുകാർ..
ഓഫീസർ ചുമതലയേറ്റതുമുതൽ ഓഫീസിൽ നെഗറ്റീവ് എനർജി ആണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓഫീസിൽ നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളുമണ്ടാകുന്നു. അത് ഓഫീസിലെ നെഗറ്റീവ് എനർജി മൂലമാണെന്നും ഓഫീസർ പറഞ്ഞു. ഒടുവിൽ പ്രാർത്ഥന നടത്താൻ ചൈൽഡ് ലൈൻ പ്രവർത്തകരിൽ ഒരാൾ ളോഹ ധരിച്ച് ബൈബിളുമെടുത്ത് പ്രാർത്ഥന നടത്തിയെന്നുമാണ് ശിഷു ക്ഷേമ ഓഫീസർക്കെതിരായ പരാതി.
ഓഫീസർമാരുമായി പല ജീവനക്കാർക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ഓഫീസർ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്ന് ജീവനക്കാർ അടുത്തിടെ ജോലി രാജിവച്ച് ഓഫീസിൽ നിന്ന് വിട്ടുപോയിരുന്നു. ഇത്തരത്തിൽ ജീവനക്കാർക്ക് നിരന്തരം മാനസിക സമ്മർദ്ദമുണ്ടാക്കിയ ഓഫീസറാണ് ഇദ്ദേഹമെന്നും ഇപ്പോൾ ആരോപണം ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം