Asianet News MalayalamAsianet News Malayalam

അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിൽ

അപ്പർകുട്ടനാട് വെള്ളപൊക്ക ഭീഷണിയിൽ. തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ഉയർന്നതോടെയാണ് അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപൊക്ക ഭീഷണിയിലായത്. 

All the low lying areas of Upper Kuttanad are at risk of floods
Author
Kerala, First Published Oct 11, 2021, 11:38 PM IST

മാന്നാർ: അപ്പർകുട്ടനാട് വെള്ളപൊക്ക ഭീഷണിയിൽ. തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ഉയർന്നതോടെയാണ് അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളപൊക്ക ഭീഷണിയിലായത്. 

പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ പല വീടുകളും വെള്ളത്തിലാണ്. ഒരു മഴ പെയ്താൽ ഈ കോളനികളിലെ വീടും, പരിസരവും വെള്ളത്തിലാകും. ഇനിയും മഴ തുടർന്നാൽ വീടു വിട്ട് പോകേണ്ട അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങൾ. 

മൂർത്തിട്ട മുക്കാത്താരി റോഡിൽ കൊച്ചുവീട്ടിൽ പടിയിൽ വെള്ളം കയറി യാത്ര ബുദ്ധിമുട്ടിലായി. ഒന്ന്, രണ്ട് വാർഡുകളിലെ ഒറ്റപ്പെട്ട ചില വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്. പുഞ്ചകൃഷിക്കിറങ്ങുന്ന പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. 

പെയ്തിറങ്ങുന്ന മഴവെളളം ഒഴുകി പോകാൻ സാഹചര്യം ഇല്ലാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കി. കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളം കർഷകരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു. തോടുകളിലെയും പാടങ്ങളിലെയും ജലനിരപ്പ് ഉയരുകയാണ്. 

ഇലമ്പനം തോട് പായലുകളും മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാവാത്ത അവസ്ഥയിലാണ്. പായലുകൾ നീക്കം ചെയ്യാൻ നടപടികൾ തുടങ്ങിയിരുന്നെങ്കിലും അപ്രതീക്ഷിത മഴ തടസമായി.
 

Follow Us:
Download App:
  • android
  • ios