തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും പ്ലാൻ ഫണ്ടിന്റെ ആദ്യഗഡു പോലും നൽകിയിട്ടില്ല. ഈ മാസം 31 നകം പ്ലാൻ സമർപ്പിച്ചാലെ അവർ നടപ്പാക്കേണ്ട പദ്ധതികൾ നടപ്പാക്കാൻ പറ്റൂ.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഡി സതീശൻ നിരന്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നുവെന്നും ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കുന്നില്ലെന്നും പിണറായി പറഞ്ഞു. എൽഡിഎഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിന്റെ അവസാന ഗഡു നൽകിയില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അവസാന ഗഡു നൽകാതിരുന്നത് പെരുമാറ്റ ചട്ടം വന്നതിനാലാണെന്നും പിണറായി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങളിൽ വൻ വികസനമുണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും പ്ലാൻ ഫണ്ടിന്റെ ആദ്യഗഡു പോലും നൽകിയിട്ടില്ല. ഈ മാസം 31 നകം പ്ലാൻ സമർപ്പിച്ചാലെ അവർ നടപ്പാക്കേണ്ട പദ്ധതികൾ നടപ്പാക്കാൻ പറ്റൂ. പാലിയേറ്റ് കെയറും ഡയാലിസിസ് യൂണിറ്റുകളും വരെ മുടങ്ങുന്ന അവസ്ഥയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിലൂടെ സമാഹരിച്ച ഫണ്ട് വരെ സർക്കാരിന്റെ കൈയിലുണ്ടെന്നും പിണറായി വ്യക്തമാക്കി. പഞ്ചായത്തീരാജിനെ ദുർബലപ്പെടുത്തുന്നത് വലിയ തിരിച്ചടിയാണെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.