കേരളത്തിൽ പ്രളയമെത്തിയ സമയത്ത് ആഗസ്ത് 9നാണ് കീഴാറ്റൂരിൽ പ്രോജക്ട് ഡയറക്ടറും കേന്ദ്ര പ്രതിനിധിയും അടങ്ങുന്ന സംഘം പരിശോധനയ്ക്കെത്തിയത്. വയൽ വെള്ളത്തിൽ മുങ്ങിയിരിക്കെ സന്ദർശനം പ്രഹസനമാണെന്ന് കാട്ടി തടയാനും സമരക്കാർ ശ്രമിച്ചിരുന്നു.
കീഴാറ്റൂര്‍: കീഴാറ്റൂർ ബൈപ്പാസിനെതിരെ സമരക്കാരുയർത്തിയ വാദങ്ങൾ പഠിക്കാൻ നിയോഗിച്ച സംയുക്ത ഉദ്യോഗസ്ഥ സംഘം കേന്ദ്ര സർക്കാരിന് നൽകിയതെന്ന് തെറ്റായ വിവരങ്ങളെന്ന് ആരോപണം. നെൽവയലുകൾ നശിപ്പിക്കുന്നതിനെതിരെ സമരം നടന്ന കിഴാറ്റൂരിൽ കഴിഞ്ഞ 20 വർഷമായി വയലിൽ കൃഷിയില്ലെന്നും താഴ്ന്ന പ്രദേശങ്ങളിൽ പുല്ലുവളർത്തലാണ് നടക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് നല്‍കിയത്. അന്തിമ വിജ്ഞാപനത്തിന് മുന്നോടിയായി നാഷണൽ ഹൈവേ അതോറിറ്റി റീജിയണൽ ഓഫീസർ നൽകിയ റിപ്പോർട്ടിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കിഴാറ്റൂർ സമരക്കാർ.
സമരങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലെയിൽ ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനം താൽക്കാലികമായി മരവിപ്പിച്ച ശേഷമാണ് കേന്ദ്ര സർക്കാർ ബദൽ നിർദേശങ്ങളുടെ പ്രായോഗികത പരിശോധിക്കാനും വസ്തുതകൾ ശേഖരിക്കാനും നാലംഗ പ്രതിനിധി സംഘത്തെ അയച്ചത്. കേരളത്തിൽ പ്രളയമെത്തിയ സമയത്ത് ആഗസ്ത് 9നാണ് കീഴാറ്റൂരിൽ പ്രോജക്ട് ഡയറക്ടറും കേന്ദ്ര പ്രതിനിധിയും അടങ്ങുന്ന സംഘം പരിശോധനയ്ക്കെത്തിയത്. വയൽ വെള്ളത്തിൽ മുങ്ങിയിരിക്കെ സന്ദർശനം പ്രഹസനമാണെന്ന് കാട്ടി തടയാനും സമരക്കാർ ശ്രമിച്ചിരുന്നു.
തുടർന്ന് ദേശീയപാത അതോറിറ്റി റിജിയണൽ ഓഫീസർ നൽകിയ റിപ്പോർട്ടിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 20 വർഷമായി പുല്ലുവളർത്തലല്ലാതെ, വയലിലോ സമീപപ്രദേശങ്ങളിലോ നെൽകൃഷി ഇല്ലെന്നാണ് റിപ്പോർട്ട്. ബദൽ അലൈന്മെന്റുകൾ പ്രയോഗികമല്ലെന്നും റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് കീഴാറ്റൂർ വഴി തന്നെ പദ്ധതി തുടരാൻ കേന്ദ്രം തീരുമാനിച്ചത്. നെൽവയലുകൾ നശിപ്പിക്കുന്നതിന് എതിരെയായിരുന്നു കിഴാറ്റൂരിലെ പ്രധാന സമരമെന്നിരിക്കെ, നിലവിൽ അന്തിമവിജ്ഞാപനമിറങ്ങി ഭൂമിയേറ്റെടുക്കലിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍.
