കോഴിക്കോട്: കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും ചലച്ചിത്ര സംവിധായകനും നാടക പ്രവര്‍ത്തകനുമായ കെ പി സുവീരനെ ആദരിക്കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കെ പി സുവീരന് സ്വീകരണം നല്‍കുന്നത്.

നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കാണ് സ്വീകരണ പരിപാടി. ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യുവാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. സിനിമാ-നാടക സംവിധായകന്‍ പ്രിയനന്ദന്‍ മുഖ്യാതിഥിയാകും. നാടക സംവിധായകന്‍ പ്രൊഫ.ചന്ദ്രദാസന്‍, മാധ്യമപ്രവര്‍ത്തകയും നാടക നിരൂപകയുമായ രേണു രാംനാഥ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. കെ പി സുവീരന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ 'ബ്യാരി' 2011ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. നിരവധി നാടകങ്ങളിലൂടെ തന്റെ സര്‍ഗപ്രതിഭ തെളിയിച്ച കലാകാരന്‍ കൂടിയാണ് അദ്ദേഹം.