Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് മലയോര മേഖലയിലെ കുടുംബങ്ങൾക്ക് 'സ്നേഹക്കൂടി'ന്റെ കൈത്താങ്ങ്

കൊവിഡ് കാലത്താണ് സന്നദ്ധപ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും ഈ പ്രതിസന്ധി കഴിഞ്ഞാലും മറ്റുള്ളവരെ സഹായിക്കാനായി മുന്നോട്ട് വരുമെന്നും ഷെരീഫ് പറയുന്നു.

Alumni Association to lend helping hand to poor families in hilly areas
Author
Thiruvananthapuram, First Published Jul 29, 2020, 11:57 AM IST

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ കാലത്ത് മലയോര മേഖലയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങുമായി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ. സ്നേഹക്കൂട്@10 എന്ന് പേരിട്ടിരിക്കുന്ന കൂട്ടയ്മയാണ് കോട്ടൂർ മലയോര മേഖയിൽ താമസിക്കുന്ന 130ഓളം കുടുംബങ്ങൾക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന 350 മാസ്കുകൾ എത്തിച്ചു നൽകിയാണ് ഇവർ മാതൃക ആയിരിക്കുന്നത്.

പരുത്തിപ്പള്ളി(കുറ്റിച്ചൽ) ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2008 പത്താം ക്ലാസ്സ് ബാച്ച് വിദ്യാർത്ഥികളാണ് ഈ കൊവിഡ് സാഹചര്യത്തിൽ സന്നദ്ധപ്രവർത്തനവുമായി മുന്നിട്ടിറങ്ങിരിക്കുന്നത്. സമൂഹ്യ സേവനത്തിനായി "സ്നേഹക്കൂട് " എന്ന പേരിൽ സൗഹൃദ സംഘടനയും രൂപികരിച്ചു. ഇതിന്റെ ആദ്യ ഘട്ടമായിട്ടാണ് കൊവിഡ് ഭീഷണി നേരിടുന്ന മലയോര മേഖലകളിൽ മാസ്ക്ക് നൽകിയത്. കാട്ടാക്കട കോട്ടൂർ മലയോര മേഖലകളിലെ ചില പ്രദേശങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോട്ടൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സിനു കുമാർ, രാമചന്ദ്രൻ കാണി, ട്രൈബൽ വാച്ചർ രാജീവ്, എൻ.എം.ആർ വാച്ചർ എന്നിവരുടെ സാനിധ്യത്തിലാണ് മാസ്ക്ക് കൈമാറിയത്.

അനൂപ്, ഷെരീഫ് മുഹമ്മദ്, സജീവ് എന്നിവരാണ് ഈ സ്നേഹ കൂട്ടായ്മക്ക് ചുക്കാൻ പിടിച്ചിരിക്കുന്നത്. "2008 ബാച്ചിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് ഈ ​ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ഇതിൽ പ്രവാസികളും ഉണ്ട്. തിരിച്ച് നാട്ടിലെത്തി മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും ഉണ്ട്.  സജീവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളിപ്പോൾ ആദ്യ സംരംഭമായി മാസ്ക് വിതരണം ചെയ്തിരിക്കുന്നത്. ​സുഹൃത്തുക്കൾ തന്നെയാണ് ആവശ്യമായ പണം നൽകിരിക്കുന്നത്"ഷെരീഫ് പറയുന്നു. 

Alumni Association to lend helping hand to poor families in hilly areas

മാസ്ക് മാത്രമല്ല, വരും ദിവസങ്ങളിൽ പാവപ്പെട്ടവർക്ക് ഓണക്കിറ്റ് നൽകാനുള്ള പരിശ്രമത്തിലാണ് ഈ കൂട്ടായ്മ."ഓണക്കിറ്റ് നൽകാനുള്ള ചർച്ചകൾ നടക്കുകയാണ്. ഞങ്ങളുടെ ​ഗ്രൂപ്പിൽ തന്നെ പ്രയാസമുള്ളവരുണ്ട്. അവർക്കും പുറത്തുള്ളവർക്കുമാണ് കിറ്റ് നൽകാൻ ആലോചിക്കുന്നത്. ഞങ്ങളെ കൊണ്ട് പറ്റുന്ന രീതിയിലുള്ള സഹായം എല്ലാവർക്കുമായി ചെയ്യണം" ഷെരീഫ് കൂട്ടിച്ചേർത്തു.

കൊവിഡ് കാലത്താണ് സന്നദ്ധപ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും ഈ പ്രതിസന്ധി കഴിഞ്ഞാലും മറ്റുള്ളവരെ സഹായിക്കാനായി മുന്നോട്ട് വരുമെന്നും ഷെരീഫ് പറയുന്നു. ഇനിയും ഒട്ടനവധി നന്മയുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയട്ടെ എന്ന് ഓരേപോലെ പ്രത്യാശിക്കുകയാണ് ഈ സ്നേഹക്കൂട്ടിലെ എല്ലാ അം​ഗങ്ങളും. 

Follow Us:
Download App:
  • android
  • ios