Asianet News MalayalamAsianet News Malayalam

45 വർഷത്തിനുശേഷം ഓർമ്മകൾ അയവിറക്കി പഴയ നാലാംക്ലാസ്സുകാർ; കൗതുകമായി പൂർവ വിദ്യാർഥി സംഗമം

1971-72 അധ്യായനവർഷത്തിൽ ഒന്നാംക്ലാസ്സിൽ ചേർന്ന അമ്പതോളം വരുന്ന വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തങ്ങളുടെ പഴയ വിദ്യാലയത്തിൽ ഒത്തുകൂടിയത്. 

alumni meet after 45 years in Ramachandra Vilasam school Nooranadu
Author
Nooranad, First Published Jan 1, 2020, 11:12 PM IST

ചാരുംമൂട്: 45 വർഷത്തിനുശേഷം ഓർമ്മകൾ അയവിറക്കി പഴയ നാലാംക്ലാസ്സുകാർ ഒത്തുകൂടിയത് കൗതുകമായി. ലോവർ പ്രൈമറി സ്കൂളിൽ ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഒന്നിച്ചുപഠിച്ച നാല്പതോളം പേരാണ് 45 വർഷത്തിനുശേഷം അതേ സ്കൂളിൽ ഒത്തുകൂടിയത്. നൂറനാട് ഉളവുക്കാട് 'രാമചന്ദ്രവിലാസം' എന്ന ആർസിവി എൽ പി സ്കൂളാണ് വ്യത്യസ്തമായ ഈ കൂടിച്ചേരലിന് വേദിയായത്.

1971-72 അധ്യായനവർഷത്തിൽ ഒന്നാംക്ലാസ്സിൽ ചേർന്ന അമ്പതോളം വരുന്ന വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തങ്ങളുടെ പഴയ വിദ്യാലയത്തിൽ ഒത്തുകൂടിയത്. പല വിദ്യാലയങ്ങളിലും പൂർവ്വവിദ്യാർത്ഥി സംഘടനകളുടെ സംഗമം ഒരുങ്ങുന്നത് സർവ്വസാധാരണമാണ്. എന്നാൽ നാല്പത്തഞ്ചുവർഷം മുമ്പ് കൊച്ചുടുപ്പും വള്ളിനിക്കറും, ഫ്രോക്കും കുഞ്ഞുപാവാടയും ജംബറുമൊക്കെയിട്ട് വന്നിരുന്നു പഠിച്ച അതേ ക്ലാസ്സ് മുറികളിൽ തന്നെയാണ് അവർ വീണ്ടും ഒന്നിച്ചിരുന്ന് ഗൃഹാതുരത്വം നിറഞ്ഞ പഴയകാലം അയവിറക്കിയത്. 

ജീവിതത്തിന്റേതായ പലവിധ തിരക്കുകൾക്കും ഒരു ദിവസത്തെ അവധി കൊടുത്താണ് ഒരിക്കൽ എവിടെയോ കളഞ്ഞുപോയ തങ്ങളുടെ കുട്ടിക്കാലത്തിലേക്ക് അവർ മടങ്ങി വന്നത്. സ്കൂൾ വിട്ടശേഷം പിന്നീടൊരിക്കലും പരസ്പരം കണ്ടുമുട്ടാത്തവരാണ് ഏറെയും പേർ. ദൂരദേശങ്ങളിലേക്ക് വിവാഹം ചെയ്തുപോയവരും, തൊഴിൽ സംബന്ധമായി പല നാടുകളിൽ കഴിയുന്നവരും ഈ കൂട്ടുകൂടലിനെത്തി. നാലര ദശാബ്ദക്കാലത്തെ ഒരുപാടു വിശേഷങ്ങൾ അവർ പരസ്പരം പങ്കുവച്ചു.

സംസ്ഥാനത്തിനകത്തും പുറത്തുമായി കഴിഞ്ഞിരുന്ന പൂർവ്വ വിദ്യാർത്ഥികളെ കൂട്ടുകൂടാൻ കളമൊരുക്കിയതിന്റെ പ്രധാന കാരണക്കാരൻ പ്രശസ്ത സാഹിത്യകാരനും പ്രസാധകനുമായ ഉണ്മ മോഹനാണ്. അൻപതോളം വിദ്യാർത്ഥികളെ ഈ അപൂർവ്വ സംഗമത്തിൽ പങ്കെടുപ്പിക്കുവാൻ സംഘാടന സമിതിക്കു സാധിച്ചു. മൺമറഞ്ഞപ്പോയ അധ്യാപകരുടേയും വിദ്യാർത്ഥികളുടെയും സ്മരണ പുതുക്കിയാണ് കൂട്ടുകൂടലിനു തുടക്കം കുറിച്ചത്. അന്നത്തെ അധ്യാപകരായിരുന്ന ജയദേവൻ, നാരായണക്കുറുപ്പ്, ചന്ദ്രസേനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 45 വർഷങ്ങൾക്കു മുമ്പ് തങ്ങളുടെ വിശപ്പടക്കാൻ സ്കൂളിൽ ഉപ്പുമാവ് പാചകം ചെയ്തു തന്നിരുന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത 'ഉപ്പുമാവുചേട്ടനായ ചന്ദ്രൻ പിള്ളയെ പൊന്നാടച്ചാർത്തി ആദരിച്ചു. 

Follow Us:
Download App:
  • android
  • ios