. നിർദ്ധനരായ രോഗികൾക്കും ആദിവാസികൾക്കും സൗജന്യമായി സർവ്വീസ് നടത്തിയിരുന്ന ഈ വാഹനം കട്ടപ്പുറത്തായി മാസങ്ങളായിട്ടും നന്നാക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി.

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ ആംബുലൻസുകൾ കട്ടപ്പുറത്തായിട്ട് മാസങ്ങളായി. അറ്റകുറ്റപ്പണിക്ക് കയറ്റിയിട്ടെങ്കിലും രേഖകൾ ശരിയല്ലാത്തതിനാൽ ഒരു ആംബുലൻസ് വർക് ഷോപ്പിൽ വെയിലം മഴയുമേറ്റ് കിടക്കുകയാണ്. ആകെ അവശേഷിക്കുന്ന ഒരു ഐസിയു ആംബുലൻസ് മാത്രമാണ് മെഡിക്കൽ കോളേജിൽ നിലവിലുളളത്.

സെപ്റ്റംബർ പത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ട രോഗിയുമായി പോകുമ്പോൾ അപകടത്തിൽപ്പെട്ടതാണ് ഒരു ആംബുലന്‍സ്. പിന്നെ മാസങ്ങളായി ഈ വാഹനം കട്ടപ്പുറത്താണ്. ആകെയുള്ള മൂന്ന് ആംബുലൻസുകളിൽ രോഗികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിർദ്ധനരായ രോഗികൾക്കും ആദിവാസികൾക്കും സൗജന്യമായി സർവ്വീസ് നടത്തിയിരുന്ന ഈ വാഹനം കട്ടപ്പുറത്തായി മാസങ്ങളായിട്ടും നന്നാക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി.

മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതു കൊണ്ടാണ് മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത്. അത്തരത്തില്‍ വേറൊരു ആശുപത്രിയിലേക്ക് പോകേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് സൗജന്യമായി കിട്ടിയിരുന്ന വാഹന സൗകര്യം ഇല്ലാതായതോടെ പ്രതിസന്ധിയിലായതായി നാട്ടുകാരും പറയുന്നു. ഐസിയു സേവനം ആവശ്യമുളളവർക്ക് മാത്രമാണ് ഐസിയു ആംബുലൻസ് അനുവദിക്കുക. ശേഷിക്കുന്ന മിനി ആംബുലൻസും തകരാറിലായിട്ട് ദിവസങ്ങളായി. ചുരുക്കത്തിൽ മൂന്നുവാഹനവും ഒരത്യാവശ്യത്തിന് ഉപകരിക്കാത്ത സ്ഥിതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍

ആശുപത്രിയോട് തികഞ്ഞ അനാസ്ഥയാണ് സർക്കാര്‍ കാണിക്കുന്നതെന്നാണ് നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ആരോപണം. സർക്കാർ വാഹനമായതിനാൽ ചില രേഖകൾ ശരിയാകാൻ സമയമെടുത്തെന്നും ഇതാണ് ആംബുലൻസിന്റെ അറ്റകുറ്റപ്പണി വൈകുന്നതെന്നും മാത്രമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...