തൃശൂര്‍: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കീർത്തിമുദ്ര പുരസ്കാരം നേടിയ കർഷകൻ സിബി കല്ലിങ്കൽ അന്തരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശിയായ സിബി മരം വീണാണ് മരിച്ചത്. കൃഷിക്ക് വേണ്ടി മാറ്റിവച്ച ജീവിതമായിരുന്നു സിബിയുടേത്. ഒടുവിൽ കൃഷിയാവശ്യങ്ങൾക്കായി സ്വദേശമായ തൃശൂരിൽ നിന്ന് ഇടുക്കിയിലെത്തിയപ്പോഴായിരുന്നു സിബിയുടെ മരണവും. 

കട്ടപ്പനയിലെ തോട്ടത്തിൽ നിന്ന് ഏലത്തൈകൾ വാങ്ങാനെത്തിയപ്പോൾ മരം തലയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോളേക്ക് മരിച്ചു. 49 വയസ്സായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തൃശൂർ പട്ടിക്കാട് സംസ്കരിക്കും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിച്ചപ്പോഴാണ് കൃഷി വിഭാഗത്തിൽ സിബിയും പുരസ്കാരത്തിന് അർഹനായത്. 

വിവിധയിനം തെങ്ങുകള്‍, മാവുകൾ, കുരുമുളക്, വാഴ, കാപ്പി, ജാതി, പച്ചക്കറി, പശു, അലങ്കാര മത്സ്യങ്ങള്‍, മത്സ്യക്കൃഷി തുടങ്ങിയവ കൊണ്ട് സമൃദ്ധമാണ് സിബിയുടെ കൃഷിയിടം. കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംസ്ഥാന കൃഷി വകുപ്പും നാളികേര വികസന കോര്‍പ്പറേഷനും സിബി കല്ലിങ്കലിന്‍ഫെ തോട്ടം മാതൃകാ കൃഷിത്തോട്ടമായി തെരഞ്ഞെടുത്തിരുന്നു.